vanam

പത്തനാപുരം:ചന്ദനക്കടത്ത് കേസിലെ മുഖ്യപ്രതി വനംവകുപ്പിന്റെ പിടിയിൽ.കാസർകോട് ചെഗംള സ്വദേശി അബ്ദുൾ കരീ(47)മാണ് ഇന്നലെ പുലർച്ചയോടെ പത്തനാപുരം റേഞ്ച് വനപാലക സംഘത്തിന്റെ പിടിയിലായത്. ചന്ദനക്കടത്തിന് ഉപയോഗിച്ച രണ്ട് കാറുകളും ഒരു ഇരുചക്ര വാഹനവും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ചന്ദനം മുറിച്ച് കടത്തിയ കേസിൽ കൊല്ലം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പത്തനാപുരം റേഞ്ചിലെ പുന്നല ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ അന്വേഷണം നടത്തി വരികയായിരുന്നു. നേരത്തെ പിടിയിലായ നാല് പ്രതികളിൽ നിന്നാണ് അബ്ദുൾ കരീമിനെ പറ്റിയുളള വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ പുലർച്ചയോടെ കാസർകോഡുനിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റ് പ്രതികളെ പറ്റിയുളള അന്വേഷണം നടന്ന് വരികയാണന്ന് അന്വേഷണ സംഘം അറിയിച്ചു.ചെറുകിട കച്ചവടക്കാരിൽ നിന്ന് ചന്ദനം ശേഖരിച്ച് വിൽക്കുന്നയാളാണ് പ്രതി.