vijay-p-nair

തിരുവനന്തപുരം: ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ മർദ്ദിച്ചെന്ന കേസിൽ യൂട്യൂബർ വിജയ് പി. നായർക്ക് ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. തമ്പാനൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് ജാമ്യം. എന്നാൽ ഐ.ടി ആക്ട് പ്രകാരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിൽ വിജയ് പി. നായർ ഇപ്പോഴും റിമാൻഡിലാണ്.

പരാതി നൽകിയ ശേഷം ഭാഗ്യലക്ഷ്മി ഒളിവിലായതിനാൽ അവരുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തിൽ പ്രതി ജാമ്യത്തിൽ ഇറങ്ങിയാൽ അന്വേഷണസംഘത്തിന് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട അവസരം നഷ്ടമാകുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചില്ല. അതേസമയം വിജയ് പി. നായരെ മർദ്ദിച്ച കേസിൽ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലഷ്മി അറയ്ക്കൽ എന്നിവർക്കെതിരെയുള്ള മുൻകൂർ ജാമ്യാപേക്ഷയിൽ രണ്ടാം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും.