തിരുവനന്തപുരം: മാൻഹോളുകൾ വൃത്തിയാക്കാൻ ലോകത്തുതന്നെ ആദ്യമായി റോബോട്ടിനെ വികസിപ്പിച്ച ജെൻ റോബോട്ടിക്സ് സ്റ്റാർട്ട്അപ്പിന് വീണ്ടും ദേശീയ പുരസ്ക്കാരം. കേന്ദ്രസർക്കാരിന്റെ ഡിപ്പാർട്ട്‌മെന്റ് ഒഫ് പ്രൊമോഷൻ ഒഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി) ഏർപ്പെടുത്തിയ ആദ്യ അവാർഡാണ് ലഭിച്ചത്.
കാമ്പസുകളിൽ നിന്ന് തുടങ്ങിയ സ്റ്റാർട്ടപ്പ് വിഭാഗത്തിലാണ് തിരുവനന്തപുരത്തെ ജെൻ റോബോട്ടിക്സിന് പുരസ്‌കാരം. കള്ള് ചെത്ത് യന്ത്രം വികസിപ്പിച്ച കളമശേരി നവ ഡിസൈൻ ആൻഡ് ഇനോവേഷൻ, ജാക്ക് ഫ്രൂട്ട് 365നുമുൾപ്പടെ കേരളത്തിന് മൂന്ന് പുരസ്കാരങ്ങൾ ലഭിച്ചു.
റോബോട്ടുകളെ ഉപയോഗിച്ച് സുരക്ഷിതമായി മാൻഹോളുകൾ വൃത്തിയാക്കാൻ അവസരമൊരുക്കുകയായിരുന്നു ജെൻ റോബോട്ടിക്സ് സ്റ്റാർട്ട്അപ്പ്. അഴുക്കുചാലുകൾ വൃത്തിയാക്കുന്ന ജെൻ റോബോട്ടിക്സിന്റെ ബാൻഡികൂട്ട് എന്ന റോബോട്ട് ഇതിനകം തന്നെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. നിരവധിപുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
തുടക്കം കോളേജിൽനിന്ന്
കുറ്റിപ്പുറം എം.ഇ.എസ്. കോളേജ് ഒഫ് എൻജിനീയറിംഗിൽ സഹപാഠികളായിരുന്ന എം.കെ. വിമൽ ഗോവിന്ദ്, കെ.റാഷിദ്, എൻ.പി.നിഖിൽ, അരുൺ ജോർജ് എന്നിവർ ചേർന്ന് പഠനകാലത്തുതന്നെ തുടങ്ങിയ സംരംഭത്തിന് 2017ലാണ് ഔദ്യോഗികരൂപമായത്. തിരുവനന്തപുരം ടെക്നോപാർക്കിലെ തേജസ്വിനി ബ്ളോക്കിലാണ് ജെൻ റോബോട്ടിക്സ് ആസ്ഥാനം. സുഹൃത്തുക്കളായ പി. ജലീഷ്, എം.അഫ്സൽ,സുജോദ് എന്നിവരും ഇവർക്കൊപ്പം ചേർന്നു.
മാൻഹോൾ വൃത്തിയാക്കുന്ന റോബോട്ട് ഇന്ന് 11 സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്നുണ്ടെന്ന് ജെൻ റോബോട്ടിക്സ് കോഫൗണ്ടറും സി.ഇ.ഒ.യുമായ വിമൽ ഗോവിന്ദ് പറഞ്ഞു. ആരോഗ്യ പരിപാലന മേഖലയ്ക്കായി മെഡിക്കൽ റീഹാബിലിറ്റേഷൻ റോബോട്ടുകൾ, ആളുകൾക്ക് കടന്നുചെല്ലാൻ കഴിയാത്ത എണ്ണപ്പാടങ്ങളിലേക്ക് ആവശ്യമായ റോബോട്ടുകൾ എന്നിവയും കമ്പനി വികസിപ്പിച്ചിട്ടുണ്ട്.
മഹത്തായ ലക്ഷ്യം
മാൻഹോളുകൾ വൃത്തിയാക്കുന്നതിന് മനുഷ്യരെ ഉപയോഗിക്കുന്ന രീതി ഇന്ത്യയിൽ അവസാനിപ്പിക്കുന്നതിനാണ് സ്ഥാപനം ഊന്നൽ നൽകുന്നത്.ഇതിനുള്ള
മിഷന്റോബോഹോൾ ദൗത്യം രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ പ്രയോഗത്തിൽ വരുത്തിയിട്ടുണ്ട്.
മഹീന്ദ്രഗ്രൂപ്പിനും താൽപര്യം
'ജെൻ റോബോട്ടിക്സ്' സ്റ്റാർട്ട്അപ്പിൽ പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്രയുടെ മൂലധന നിക്ഷേപം. വ്യക്തിഗതമാണിത്.
യൂണികോൺ ഇന്ത്യ വെഞ്ച്വേഴ്സ്, സീ ഫണ്ട് എന്നിവയും നിക്ഷേപം നൽകിയിട്ടുണ്ട്. മൊത്തം രണ്ടര കോടി രൂപയുടെ ഫണ്ടിംഗാണ് ഇവരിൽനിന്ന് ലഭിക്കുക. നേരത്തെ യൂണികോൺ ഇന്ത്യ വെഞ്ച്വേഴ്സും ഏതാനും ഏഞ്ചൽ നിക്ഷേപകരും ചേർന്ന് ഏതാണ്ട് ഒരു കോടി രൂപ നിക്ഷേപിച്ചിരുന്നു.