vld-1

വെള്ളറട: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ഏഴാം ക്ളാസുകാരന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വൈകിട്ട് അഞ്ചരയോടെ ഷിജു പഠിച്ച അമ്പൂരിയിലെ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വച്ചു. സഹപാഠിയുടെ മൃതദേഹം കണ്ട് അദ്ധ്യാപകരും വിദ്യാർത്ഥികളും വിങ്ങിപ്പൊട്ടി. അവരുടെ അന്ത്യാഞ്ജലിക്കുശേഷം വിലാപയാത്രയായി കുമ്പിച്ചൽ കടത്തിലെത്തിച്ച മൃതദേഹം അവിടെ നിന്ന് വനം വകുപ്പിന്റെ ബോട്ടിൽ സ്വദേശമായ തെമ്മലയിലേക്ക് കൊണ്ടുപോയി. രത്രി 7 ഓടെ വീടിനുസമീപം സംസ്കരിച്ചു. വിവിധ രാഷ്ട്രീയ നേതാക്കൾ അന്തിമോപചാരമർപ്പിക്കാൻ വീട്ടിലെത്തിയിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് വന വിഭവങ്ങൾ ശേഖരിക്കാൻ പോയ നാലംഗസംഘത്തിൽപ്പെട്ട ഷിജുവിനെ കാട്ടാന നിലത്തടിച്ച് കൊലപ്പെടുത്തിയത്. കൂടെ ഉണ്ടായിരുന്നവർ ആനകളുടെ ആക്രമണത്തിൽ നിന്ന് പരിക്കുകളോടെ ഓടി രക്ഷപ്പെടുകയായിരുന്നു.