sivasankar

'തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെതിരെ ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് വിജിലൻസിന് മൊഴി നൽകി.

വടക്കാഞ്ചേരി പദ്ധതിയിൽ റെഡ്ക്രസന്റുമായുള്ള ധാരണാപത്രം ഒപ്പിടുന്ന ദിവസമാണ് കണ്ടത്. വൈകിട്ട് അഞ്ചിന് ഒപ്പിടേണ്ട ധാരണാപത്രം ഉച്ചയ്ക്കാണ് കൈയിലെത്തിയത്. നിയമവകുപ്പ് ധാരണാപത്രം അംഗീകരിച്ച് നൽകിയെന്ന് ശിവശങ്കറാണ് അറിയിച്ചത്. ചുമതലപ്പെട്ട ഉദ്യോഗസ്ഥനെന്ന നിലയിൽ ഒപ്പിടേണ്ട സ്ഥിതിയുണ്ടായി.

യു.എ.ഇ കോൺസുലേറ്റ് യൂണിടാക്, സെയ്ൻ വെഞ്ചേഴ്സ് കമ്പനികളുമായുണ്ടാക്കിയ നിർമ്മാണ കരാറും താൻ അറിഞ്ഞിരുന്നില്ല. യൂണിടാക്കിന്റെ പ്ലാൻ വന്ന ശേഷമാണ് നിർമ്മാണ കരാർ അവർക്കാണെന്നറിഞ്ഞത്. സി.ഇ.ഒയായ തന്നെപ്പോലും കരാർ വിവരങ്ങൾ അറിയിച്ചില്ല. യൂണിടാകിന് സഹായം നൽകാൻ ആവശ്യപ്പെട്ട് ശിവശങ്കർ വിളിച്ചിരുന്നു. ഹാബിറ്റാറ്റ് നേരത്തേ സമർപ്പിച്ച രൂപരേഖയിൽ നിന്ന് ചെറിയ വ്യത്യാസം മാത്രം വരുത്തിയ പ്ലാനാണ് യൂണിടാക് സമർപ്പിച്ചതെന്നും യു.വി ജോസ് മൊഴി നൽകി.

രണ്ടു ഘട്ടങ്ങളിലായി അഞ്ചു മണിക്കൂറാണ് വിജിലൻസ് ഡിവൈ.എസ്.പി അനിൽകുമാറിന്റെ സംഘം യു.വി .ജോസിന്റെ മൊഴിയെടുത്തത്. ഇന്നലെ രാവിലെ ലൈഫ് മിഷൻ ആസ്ഥാനത്ത് വിജിലൻസ് പരിശോധന നടത്തി ചില രേഖകൾ കണ്ടെടുത്തു. അതിനു ശേഷം സെക്രട്ടേറിയറ്റിലെ തദ്ദേശഭരണ വകുപ്പിലെത്തി ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടുവരെ മൊഴിയെടുത്ത ശേഷം, ജോസിന് വിശ്രമം അനുവദിച്ചു. മൂന്നു മുതൽ വീണ്ടും മൊഴിയെടുപ്പ് തുടങ്ങി.

ധാരണാപത്രം ഒപ്പിടുന്ന ദിവസം രാവിലെയാണ്, അന്ന് വൈകിട്ട് അഞ്ചിന് ധാരണാപത്രം ഒപ്പിടാനെത്തണമെന്ന കുറിപ്പ് ടി.കെ.ജോസ് തനിക്ക് കൈമാറിയതെന്ന് യു.വി.ജോസ് പറഞ്ഞു. . ധാരണാപത്രം റെഡ്ക്രസന്റ് കൈമാറിയതാണെന്ന വിവരം ഈ കുറിപ്പിലുണ്ടായിരുന്നു. നിയമ, തദ്ദേശവകുപ്പുകൾ സൂക്ഷ്‌മപരിശോധന നടത്തിയ കരാറിൽ അഡി.ചീഫ്സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ഒപ്പിടുകമാത്രമാണ് താൻ ചെയ്തതെന്നും യു.വി.ജോസ് മൊഴി നൽകി.