photo

കൊല്ലം: ബൈക്കിലെത്തി മാലപൊട്ടിക്കുന്ന സ്ഥിരം കുറ്റവാളി അറസ്റ്റിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുപ്പതിലധികം കേസുകളിലെ പ്രതിയായ തിരുവനന്തപുരം വെള്ളറട കുട്ടമല വടക്കേവിള വീട്ടിൽ ജിബിൻ ജോണിയെയാണ് (27) കൊല്ലം റൂറൽ എസ്.പിയുടെ കീഴിലെ ആന്റി തെഫ്ട് സ്ക്വാഡ് പിടികൂടിയത്.

കൊട്ടാരക്കര കരിക്കം, പ്ളാപ്പള്ളി ഭാഗങ്ങളിൽ നടന്ന പിടിച്ചുപറി കേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ജിബിൻജോൺ അറസ്റ്റിലായത്. അച്ഛന്റെ സുഹൃത്തിന്റെ യൂണികോൺ ബൈക്കിലെത്തിയായിരുന്നു മാലപൊട്ടിച്ചത്. പ്രതിയുടെ ചിത്രവും ബൈക്കും സി.സി.ടി.വി കാമറകളിൽ നിന്ന് പൊലീസ് കണ്ടെത്തിരുന്നു. ആലപ്പുഴ മുതൽ തിരുവനന്തപുരം നെയ്യാറ്റിൻകര വരെയുള്ള ഇരുന്നൂറിൽപ്പരം സി.സി ടി.വി കാമറകളുടെ ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചു. പ്രതി തിരുവനന്തപുരം പട്ടത്തെ കൊശമറ്റം ഫിനാൻസിൽ പണയം വച്ചിരുന്ന സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.

2019ൽ തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലും നേമം സ്റ്റേഷൻ പരിധിയിലും തൃശൂർ ചേർപ്പ് സ്റ്റേഷൻ പരിധിയിലും പിടിച്ചുപറിക്കേസുകളിൽ ജിബിൻ ജോണി പിടിക്കപ്പെട്ടിരുന്നു. റിമാൻഡിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയാണ് മാലപൊട്ടിക്കലും മറ്റുമായി സജീവമായത്. ഏനാത്ത്, അടൂർ, പോത്തൻകോട്, ചാത്തന്നൂർ, വെഞ്ഞാറമൂട് സ്റ്റേഷനുകളിലും ജിബിൻ ജോണിക്കെതിരെ കേസ് നിലവിലുണ്ട്.

ലഹരിവിരുദ്ധ സ്ക്വാഡ് എസ്.ഐ രഞ്ജു, കൊട്ടാരക്കര ക്രൈം എസ്.ഐ അരുൺ, സ്ക്വാഡ് അംഗങ്ങളായ ആഷിശ് കോഹൂർ, ശിവശങ്കരപ്പിള്ള, സജിജോൺ, അനിൽകുമാർ, ആദർശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വേഷം മാറി പറ്റിക്കും

ദിവസം പല തവണ വസ്ത്രങ്ങൾ മാറി ധരിക്കുന്നതാണ് ജിബിൻ ജോണിന്റെ ശീലം. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ബൈക്കുകൾ വാങ്ങിയാണ് പിടിച്ചുപറിക്ക് ഇറങ്ങുക. മൂന്ന് ജോഡി വസ്ത്രങ്ങൾ കൈവശം ഉണ്ടായിരിക്കും. ബൈക്കുമായി പുറപ്പെടുമ്പോഴുള്ള വസ്ത്രം ഇടയ്ക്ക് മാറ്റും. മാലപൊട്ടിക്കൽ കഴിഞ്ഞാൽ അല്പ ദൂരമെത്തിയാൽ ഷർട്ടും പാന്റും മാറും. ദൂരം പിന്നിട്ടാൽ അടുത്ത വേഷമിടും. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പൊലീസ് പലതവണ ഇതുമൂലം കബളിപ്പിക്കപ്പെട്ടു. കരിക്കത്ത് പിടിച്ചുപറിക്കായി പുറപ്പെടുന്നതിന്റെ തലേ ദിവസം ശൂരനാട്ടുള്ള ബന്ധുവീട്ടിൽ താമസിച്ചു. പുലർച്ചെ 5ന് അവിടെ നിന്ന് ബൈക്കുമായി ഇറങ്ങി. പത്ത് കിലോമീറ്റർ ദൂരമെത്തിയപ്പോൾ സുരക്ഷിത സ്ഥലത്ത് ബൈക്ക് നിറുത്തിയ ശേഷം വസ്ത്രം മാറി. പിടിച്ചുപറിക്ക് ശേഷവും രണ്ടുതവണ വസ്ത്രം മാറ്റിയിരുന്നു. സ്വർണമാണ് കവരുന്നതെങ്കിൽ പണയം വയ്ക്കുന്നതാണ് ശീലം. പണവുമായി ഹോട്ടലുകളിൽ നിന്ന് മുന്തിയ വിഭവങ്ങൾ കഴിക്കുന്നതും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതുമാണ് ജിബിൻ ജോണിന്റെ രീതി.