
തിരുവനന്തപുരം: സഹകരണസംഘങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിക്കും. പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലെ നെല്ലാണ് സംഭരിക്കുക. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിതല ഉപസമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. നെല്ല് സംഭരിക്കുന്ന ദിവസം തന്നെ കിലോയ്ക്ക് 27.48രൂപ നിരക്കിൽ കർഷകർക്ക് നൽകും. സംഭരിക്കുന്ന നെല്ല് പാലക്കാട് ജില്ലയിൽ മാത്രം അരിയാക്കി ഫുഡ് കോർപറേഷന് നൽകും. മറ്റ് ജില്ലകളിൽ സപ്ളൈകോയുടെ സഹായത്തോടെയാണ് അരിയാക്കി മാറ്റുക. സംഭരണത്തിനായി കർഷകർക്ക് പാഡി റസീറ്റ് നൽകുന്നതിനുള്ള സാങ്കേതികസൗകര്യവും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള പാഡി പ്രൊക്യുവർമെന്റ് ഒാഫീസർമാരുടെ സേവനവും സപ്ളൈകോ നൽകും.
ഒരു ക്വിന്റൽ നെല്ല് എടുക്കുന്നതിന് ഗണ്ണിബാഗ്, കയറ്റിറക്ക്, വാഹനസൗകര്യം, ഗോഡൗൺ വാടക, കമ്മിഷൻ എന്നീ ഇനങ്ങളിൽ 73 രൂപയും നെല്ല് അരിയാക്കി എഫ്. സി.ഐക്ക് 64.5 ശതമാനം ഔട്ട് ടേൺ റേഷ്യോയിൽ നൽകുകയാണെങ്കിൽ ഒരു ക്വിന്റൽ നെല്ലിന് 214 രൂപയും ഗ്രാൻഡായി സംഘങ്ങൾക്ക് നൽകും. ഇതിന് കേരളബാങ്കിനെ ചുമതലപ്പെടുത്തി. അടുത്ത സീസൺ മുതൽ കൂടുതൽ നെല്ല് സംഭരിക്കുന്നതിന് സഹകരണസംഘങ്ങൾ സ്വന്തം നിലയിൽ ഗോഡൗണുകൾ പണിയും. മന്ത്രിമാരായ പി. തിലോത്തമൻ, എ.കെ. ബാലൻ, കെ.കൃഷ്ണൻകുട്ടി എന്നിവരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.