
തിരുവനന്തപുരം:മോദി യോഗി സർക്കാർ ഭരണകൂട ഭീകരതയ്ക്കെതിരെയും, രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാഭിമാന പദയാത്ര സംഘടിപ്പിച്ചു. ഗാന്ധിപാർക്കിൽ നിന്നും രാജ്ഭവൻ വരെയാണ് പദയാത്ര സംഘടിപ്പിച്ചത്. ഗാന്ധി പാർക്കിൽ യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോടിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പദയാത്രയുടെ സമാപനം രാജ്ഭവനിൽ വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജ്ഭവന് മുന്നിൽ പ്രധാനമന്ത്രിയുടെയും യോഗി ആദിത്യനാഥിന്റെയും കോലം കത്തിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ.എസ്. നുസൂർ, എസ്.എം. ബാലു, സംസ്ഥാന ഭാരവാഹികളായ നിനോ അലക്‌സ്, ഷജീർ നേമം, വിനോദ് കോട്ടുകാൽ എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി. ജില്ലാ ഭാരവാഹികളായ അഭീഷ് മണക്കാട്, കിരൺ ഡേവിഡ്, അഫ്‌സൽ, സജി വിളപ്പിൽ, അഫ്‌സർ, റമീസ് ഹുസൈൻ, അഖില, നീതു, പ്രമോദ് ,അജിത് എന്നിവർ വിവിധ പോയിന്റുകളിൽ പദയാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചു.