elephant

വിതുര: കാട്ടാനകളെ പേടിച്ച് സ്വൈര്യജീവിതം നയിക്കാൻ കഴിയാത്ത ഗതികേടിലാണ് മലയോര മേഖലയിലെ ഗ്രാമങ്ങൾ. വർദ്ധിച്ച് വരുന്ന കാട്ടാനശല്യത്തിന് തടയിടണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ശക്തമായ സമരപരിപാടിയിലേക്ക് കടക്കാനൊരുങ്ങുകയാണ് ആദിവാസി സംഘടനകൾ. കാട്ടാക്കട കൊമ്പയിൽ കഴിഞ്ഞ ദിവസം 14 വയസുള്ള വിദ്യാർത്ഥി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മലയോര മേഖലകളിൽ പകലും കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. പ്രദേശവാസികൾ പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടികൾ യാതൊന്നും തന്നെ സ്വീകരിച്ചിട്ടില്ല. മരണത്തെ മുഖാമുഖം കണ്ടാണ് ജീവിക്കുന്നതെന്നാണ് ആദിവാസികൾ പറയുന്നത്. കാട്ടാക്കട, ആര്യനാട് പഞ്ചായത്തുകൾക്ക് പുറമേ വിതുര പഞ്ചായത്തിലും ആനശല്യം രൂക്ഷമായിരിക്കുകയാണ്.

കൂട്ടമായും ഒറ്റതിരിഞ്ഞും ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനകൾ പ്രദേശത്തെ കൃഷിയും കാട്ടുമൃഗങ്ങളുടെ ശല്യത്തിന് പരിഹാരം കാണാനായി ആനക്കിടങ്ങും വൈദ്യുത വേലിയും സ്ഥാപിക്കുമെന്ന അധികൃതരുടെ പ്രസ്താവന ഇപ്പോഴും കടലാസിൽ മാത്രമായി ഒതുങ്ങുകയാണ്. കാട്ടാനയുടെ ആക്രമണത്തിൽ വിതുര പഞ്ചായത്തിൽ ഏഴ് ആദിവാസകളാണ് മരണപ്പെട്ടത്. ഇവരുടെ കുടംബം അനാഥമായിട്ടും വനംവകുപ്പിന് മിട്ടാട്ടമില്ലെന്നാണ് ആദിവാസികളുടെ പരാതി. ഉപജീവനത്തിനായി കാട്ടുകിഴങ്ങും മറ്റും ശേഖരിക്കാൻ കാട്ടിനുള്ളിൽ കയറാനാകാത്ത അവസ്ഥയാണ് ആദിവാസികൾക്ക്. സന്ധ്യയായാൽ ആനപ്പേടിയിൽ പുറത്തിറങ്ങാനും കഴിയാറില്ല. ആദിവാസി മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്കായി ബഡ്ജറ്റിൽ തുക വകയിരുത്താറുണ്ട് എന്നാൽ യാതൊരു വികസനവും നടപ്പിലാക്കാറില്ലെന്നാണ് ആദിവാസികൾ പറയുന്നത്.

 കാട്ടാനശല്യം രൂക്ഷമായ മേഖലകൾ

കല്ലാർ

മംഗലകരിക്കകം

ആറാനക്കുഴി

മൊട്ടമൂട്

അല്ലത്താര

ചണ്ണനിരവട്ടം

ചാമക്കര

ചെമ്പിക്കുന്ന്

മണലി

തലത്തൂതക്കാവ്

ചാത്തൻകോട്

ചെമ്മാംകാല

അടിപറമ്പ്

പേപ്പാറ

കുട്ടപ്പാറ

പൊടിയക്കാല

പൊൻമുടി

ആനപ്പാറ

മണിതൂക്കി

കൊമ്പ്രാംകല്ല്

പെണ്ണങ്കപ്പാറ