
കാസർകോട്: ഓൺലൈൻ പഠനത്തിലൂടെ അമേരിക്കൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി കാസർകോട് സ്വദേശിനി. മേൽപ്പറമ്പ സ്വദേശിനിയും കൊച്ചിയിൽ എം.ബി.എ വിദ്യാർഥിനിയുമായ കാടംകോട് എഫ്.ആർ മൻസിലിൽ ഫാത്തിമ്മത്ത് ഷംന (23) ആണ് കേരളത്തിന് അഭിമാനമായത്. വെറും 35 ദിവസത്തിനുള്ളിൽ 628 ക്ലാസുകളിൽ പങ്കെടുത്താണ് ഓൺലൈൻ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ച് അമേരിക്കൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്.
ലോക്ക്ഡൗൺ കാലത്ത് വീട്ടിനുള്ളിൽ ഒതുങ്ങി കഴിയേണ്ടി വന്നപ്പോൾ ഷംന പഠിക്കുന്ന എം.ഇ.എസ് ഐമറ്റ് കൊച്ചി മാറൻപള്ളി കോളേജ് വഴിയാണ് ഇങ്ങനെയൊരു അവസരം ലഭിച്ചത്. ഓഗസ്റ്റ് 25 ന് ആരംഭിച്ച പരിപാടി സെപ്റ്റംബർ 30 നാണ് അവസാനിച്ചത്. കോഴ്സ് റാ ആപ്പ് വഴി ദിവസം 18 മണിക്കൂറോളമാണ് ഇംഗ്ലീഷിൽ ക്ലാസെടുത്തത്.
അതിനിടെ രാവിലെ എട്ടുമുതൽ ഒന്നരവരെ ഗൂഗിൾ മീറ്റ് വഴി എം.ബി.എ പഠനവും. രണ്ടുദിവസം മുൻപാണ് അമേരിക്കയിലെ അധികൃതർ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയതായി ഷംനയെ അറിയിച്ചത്. നേരത്തെ 88 ദിവസം കൊണ്ട് ഒരുമലയാളി 520 ക്ലാസുകൾ കൈകാര്യം ചെയ്തതിനെ പിന്തള്ളിയാണ് ഷംന ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്. 35 ദിവസം ഉറക്കമൊഴിഞ്ഞ് കഠിനാദ്ധ്വാനം ചെയ്താണ് ഇങ്ങനെയൊരു നേട്ടം കൈവരിക്കാൻ സാദ്ധ്യമായതെന്ന് ഷംന പറയുന്നു.
ഇനിയൊരു വേൾഡ് റെക്കോർഡ് ലഭിക്കാൻ യു.ആർ.എഫിൽ രജിസ്റ്റർ ചെയ്തിരിക്കുകയാണ് ഷംന ഇപ്പോൾ. നിരവധി ഓൺലൈൻ കോഴ്സുകൾക്ക് പങ്കെടുക്കാൻ ഷംനയ്ക്ക് അവസരം വന്നിട്ടുണ്ട്. ദേളി സഅദിയ്യ കോളേജിൽ ബി.ബി.എ പഠനം പൂർത്തിയാക്കിയാണ് കൊച്ചിയിൽ എം.ബി.എയ്ക്ക് ചേർന്നത്. വിവിധ കോളേജുകളിലെ പരിപാടികളിൽ അവതാരകയായും പ്രാസംഗികയായും പങ്കെടുത്തിട്ടുണ്ട്. ഒമാനിലെ ലുലു സൂപ്പർ വൈസർ ഷരീഫാണ് പിതാവ്. മാതാവ് ഫൗസിയ ഷെരീഫ് എല്ലാ പ്രോത്സാഹനവുമായുണ്ട്.