weavers
പാപ്പിനിശേരി വീവേഴ്സ്

പാപ്പിനിശ്ശേരി: കൊവിഡ് വ്യാപനത്തിൽ സ്കൂളുകൾ തുറക്കാത്തത് പ്രതികൂലമായി ബാധിച്ച് കൈത്തറി സഹകരണ സംഘങ്ങൾ. കുട്ടികളെ പ്രതീക്ഷിച്ച് തയ്യാറാക്കിയ യൂണിഫോം തുണികൾ കെട്ടിക്കിടക്കുന്നതാണ് ദുരിതമായത്. ജില്ലയിലെ 42 സംഘങ്ങളിൽ 36 സംഘങ്ങളും രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിലായി. സംഘങ്ങളുടെ ഉത്പാദന ക്ഷമതയനുസരിച്ച് 25 ലക്ഷം രൂപ മുതൽ 10 കോടി രൂപ വരെയുള്ള സാധനങ്ങളാണ് കെട്ടിക്കിടക്കുന്നത്.

സാധാരണ ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന റിബേറ്റ് മേളകൾ സംഘങ്ങൾക്ക് ആശ്വാസം നൽകാറുണ്ട്. എന്നാൽ ഇത്തവണ അതുമുണ്ടായില്ല. റിബേറ്റ് മേളകളിൽ സാധാരണ 15 ലക്ഷം മുതൽ ഒരു കോടി വരെ വിറ്റ് വരവുണ്ടാകുന്ന സംഘങ്ങളാണ് മിക്കവയും. കൈത്തറി മേഖലയുടെ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു സർക്കാർ സ്കൂൾ കുട്ടികൾക്ക് കൈത്തറി യൂണിഫോം നിർബന്ധമാക്കിയത്.

തൊഴിലാളികളുടെ കൂലി സർക്കാർ വിഹിതവും സംഘം വിഹിതവും ചേർത്താണ് നൽകുന്നത്. ഇത്തവണ സർക്കാർ നൽകാനുള്ള കൂലി വിഹിതം ഏപ്രിൽ മുതൽ മുടങ്ങിക്കിടക്കുകയാണ്. പ്രോവിഡന്റ് ഫണ്ട്, ഇ.എസ്.ഐ. ഫണ്ട് മുതലായവ കൃത്യമായി അടക്കാൻ പോലും സംഘങ്ങൾക്ക് സാധിക്കുന്നില്ല. ഇതോടെ വിരമിക്കുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കൃത്യമായി നൽകാനും സാധിക്കുന്നില്ല.

സർക്കാരിലേക്ക് അടക്കുന്ന ഫണ്ടുകൾ കൃത്യമായി ഒടുക്കാത്ത പക്ഷം 38 ശതമാനം പിഴപ്പലിശ അടച്ചാൽ മാത്രമെ ആനുകൂല്യങ്ങൾ നിലനിർത്തുവാൻ സാധിക്കൂ. ദീർഘനാൾ തുണിത്തരങ്ങൾ കെട്ടിക്കിടന്നാൽ കാലപ്പഴക്കം നഷ്ടത്തിനിടയാക്കും.

തങ്ങളുടെ സ്ഥാപനം വഴി നടത്തുന്ന ചില്ലറ വിൽപനയും വായ്പയെടുത്തുമാണ് കഴിഞ്ഞ മാസം വരെയുള്ള കൂലി വിതരണം ചെയ്തത്

പി. നാരായണൻ

പ്രസിഡന്റ്, കോലത്തുവയൽ വീവേഴ്‌സ്