
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകൾ മുന്നിലായി നിയമ വിരുദ്ധമായി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെയും സമാന്തര സർവീസുകൾക്കെതിരെയും കർശന നടപടികൾ ആരംഭിച്ചു. മോട്ടോർ വാഹന വകുപ്പ് പൊലീസിന്റെയും കെ.എസ്.ആർ.ടി.സിയുടെയും സഹകരണത്തോടെ മൂന്നു ദിവസമായി നടത്തിയ വാഹന പരിശോധനയിൽ 16 വാഹനങ്ങൾ പിടികൂടി. രണ്ട് സ്‌ക്വാഡാണ് ഇതിനായി പ്രവർത്തിക്കുന്നത്. ഉടൻ തന്നെ രണ്ടു സ്‌ക്വാഡ് കൂടി പ്രവർത്തനമാരംഭിക്കും. സർക്കാർ ജീവനക്കാരെ ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി ബസ് ഓൺ ഡിമാൻഡ് സർവീസ് ആരംഭിച്ചിട്ടും ഇത്തരം സർവീസുകൾ തുടർന്നപ്പോഴാണ് എം.ഡി.ബിജു പ്രഭാകർ സർക്കാരിനെ സമീപിച്ചത്. ഇന്നലെ പിടികൂടിയതിൽ ഒരു ബസ് മെഡിക്കൽ കോളേജിലേക്കും ആർ.സി.സിയിലേക്കും സർവീസ് നടത്തിയിരുന്നതായിരുന്നു. ജില്ലയിൽ നെയ്യാറ്റിൻകര, പോത്തൻകോട്, ആറ്റിങ്ങൽ, ചിറയിൻകീഴ് മണ്ണന്തല വട്ടപ്പാറ വെഞ്ഞാറമൂട്, കാരേറ്റ്, നെടുമങ്ങാട് ഭാഗങ്ങളിൽ സമാന്തര സർവീസുകൾ കാരണം കെ.എസ്.ആർ.ടി.സിക്കു ദിനംപ്രതി നാല് ലക്ഷം രൂപയാണ് നഷ്ടം. വാഹനപരിശോധനയ്ക്ക് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ടി.ശ്രീജിത്ത്,സിയാദ്,സി.പി.ഒമാരായ ആർ.സി.സന്ദീപ്,എസ്.സതീഷ് കുമാർ, ടി.ബൈജു, കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ എസ്.ജെ. പ്രദീപ് എന്നിവർ പങ്കെടുത്തു.