boat
ഗംഗാധരൻ നിർമ്മിച്ച തോണിയിൽ

ചെറുവത്തൂർ: കഴിഞ്ഞ മഴയിൽ വീടിന്റെ അകത്തേക്ക് വരെ വെള്ളം ഇരച്ചു കയറിയപ്പോഴാണ് തേജസ്വിനിയുടെ തീരത്ത് താമസിക്കുന്ന ഗംഗാധരന് സ്വന്തമായി ഒരു തോണി വേണമെന്ന ആഗ്രഹം മനസിലുദിച്ചത്. പക്ഷെ നിർമ്മാണ ചെലവായ പതിനായിരം രൂപയൊന്നും മുടക്കാൻ കയ്യിലില്ല താനും. ജോലിയും കൂലിയുമില്ലാത്ത കൊവിഡ് കാലത്ത് ഇരുന്നും കിടന്നും സമയം തള്ളി നീക്കുന്നതിനിടയിലാണ് മുറ്റത്ത് കിടക്കുന്ന ഫൈബർ ബാരൽ ശ്രദ്ധയിൽപ്പെട്ടത്.

റോഡ് റോളർ ഡ്രൈവറായ ഇദ്ദേഹം ടാറിംഗ് പ്രവർത്തി കഴിഞ്ഞ ശേഷം കാലിയായ ബാരൽ വീട്ടിലെത്തിച്ചതായിരുന്നു. ഇതു കണ്ടതോടെ തലയിൽ ഒരു അറുപത് വാട്ട് ബൾബ് മിന്നി. പിന്നെ വൈകിച്ചില്ല. രണ്ടു ബാരലുകൾ നെടുകെ പിളർന്ന് ഉറപ്പുള്ള പശ, നട്ട്, ബോൾട്ട്, പി.വി.സി പൈപ്പ് എന്നിവയൊക്കെ ഉപയോഗപ്പെടുത്തി. ഇപ്പോൾ മൂന്ന് പേർക്ക് സുഖമായി യാത്ര ചെയ്യാൻ സാധിക്കുന്ന ഫൈബർ തോണി ഇദ്ദേഹത്തിന് സ്വന്തമാണ്. പരീക്ഷണവും നിരീക്ഷണവും കഴിഞ്ഞ് നീറ്റിലിറക്കിയ തോണി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നുണ്ട്.