peter

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ഏത് ആവശ്യത്തിനും ശബ്ദമുയർത്താൻ മുൻനിരയിലുണ്ടായിരുന്ന പീറ്ററേട്ടന്റെ അകാലവിയോഗത്തിലെ ഞെട്ടലിലാണ് തലസ്ഥാനം. മത്സ്യത്തൊഴിലാളികൾക്കായുള്ള സമർപ്പിത ജീവിതമായിരുന്നു ടി.പീറ്ററിന്റേത്. സംസ്ഥാനത്തിനകത്തു മാത്രമല്ല ദേശീയ തലത്തിലും നാലുപതിറ്റാണ്ടോളം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ശബ്ദമായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളി നേതാവ് എന്നതിലുപരി തലസ്ഥാനത്തെ ജനകീയ സമരവേദികളിലും പീറ്ററുണ്ടായിരുന്നു.

കൂടങ്കുളം ആണവനിലയ വിരുദ്ധസമര സമിതിയുടെ മുഖ്യസംഘാടകനായിരുന്ന അദ്ദേഹം സിസ്റ്റർ ആഗ്‌നസിനൊപ്പം 87 - 90 കളിൽ മത്സ്യത്തൊഴിലാളി പ്രക്ഷോഭത്തിന്റെ അമരത്തുണ്ടായിരുന്നു. വിദേശ ട്രോളറുകൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകിയതിനെതിരെ സമരം നയിച്ചാണ് ശ്രദ്ധേയനായത്. വിവിധ സാമൂഹ്യപ്രസ്ഥാനങ്ങളുടെ ദേശീയ കൂട്ടായ്മയായ മേധാപട്കർ അദ്ധ്യക്ഷയായ നാഷണൽ അലൈമെന്റ് ഒഫ് പീപ്പിൾ മൂവ്മെന്റിന്റെ ജില്ലാ ചെയർമനായിരിക്കെ പീറ്ററിന്റെ നേതൃത്വത്തിൽ 2013ൽ വി.ജെ.ടി ഹാളിൽ സംഘടിപ്പിച്ച ജനകീയ സഭ ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. പരിസ്ഥിതിപ്രവർത്തക മേധാപട്കറുമായി ആത്മബന്ധം സൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം. കവയത്രി സുഗതകുമാരിക്കൊപ്പം നിരവധി പരിസ്ഥിതി പ്രക്ഷോഭങ്ങൾ നയിച്ചിരുന്നു. മണൽ മാഫിയക്കെതിരെ കോഴിക്കോട് നിന്നെത്തി സെക്രട്ടേറിയറ്റിന് മുന്നിൽ ഒറ്റയാൾ പോരാട്ടം നടത്തിയ ജസീറയ്ക്ക് പിന്തുണയുമായി പീറ്ററുണ്ടായിരുന്നു. മദ്യവിരുദ്ധ പ്രക്ഷോഭങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. മത്സ്യമേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന 'അലകൾ' വാർത്താ പത്രികയുടെ എഡിറ്റായിരുന്ന പീറ്റർ നിരന്തരം ജനങ്ങളോട് സംവദിച്ചിരുന്നു. കടലിന്റെയും ജനങ്ങളുടെയും പ്രശ്നങ്ങൾ ഒരുപോലെ പഠിച്ച് അധികാരികൾക്ക് മുന്നിൽ സംസാരിച്ചിരുന്ന പീറ്ററിന്റെ മരണം കൊവിഡെന്ന മഹാമാരി തീരമേഖലയ്ക്ക് നൽകുന്ന തീരാനഷ്ടമാണ്.