street-light

പേരാമ്പ്ര: മലയോരത്തെ വഴിവിളക്കുകൾ മാസങ്ങളായി കണ്ണടച്ചതോടെ മോഷ്ടാക്കൾക്കും ലഹരി മാഫിയയ്ക്കും കാര്യങ്ങൾ കുശാൽ. പന്തിരിക്കര ടൗണിലും പരിസരങ്ങളിലുമുള്ള 15 ഓളം തെരുവു വിളക്കുകളാണ് കത്തുന്നില്ലെന്ന് പരാതി. ചങ്ങരോത്ത് പഞ്ചായത്തിൽ പാതയോരത്ത് സ്ഥാപിച്ച 15 ഓളം ലൈറ്റുകൾ കണ്ണടച്ച് മാസങ്ങളായി. ടൂറിസ്റ്റ് കേന്ദ്രമായ പെരുവണ്ണാമുഴിയിലേക്കുള്ള റൂട്ടാണിത്.

പന്തിരിക്കരയിൽ നിന്നും പട്ടാണിപ്പാറ വരെയും സൂപ്പിക്കട വരെയുമുള്ള ലൈറ്റുകളാണ് പൂർണ്ണമായും കണ്ണടച്ചത്. കാട്ടുമൃഗങ്ങളുടെ ആക്രമണം കാരണം പ്രഭാത സവാരിക്കിറങ്ങുന്ന കുട്ടികളടക്കമുള്ള യാത്രക്കാർക്ക് റോഡിലൂടെ നടന്നു പോകാൻ കഴിയുന്നില്ല. കത്താത്ത ബൾബുകൾക്ക് മാസം നല്ലൊരു തുക കെ.എസ്.ഇ.ബിക്ക് പഞ്ചായത്ത് നൽകുകയും വേണം. ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള ടൗണും കൂത്താളി പഞ്ചായത്തിലെ കോക്കാട് റോഡ്, പുറയങ്കോട് റോഡ് എന്നിവിടങ്ങളിലും സാമൂഹ്യ വിരുദ്ധർ തമ്പടിക്കുന്നുണ്ട്.