കുറ്റ്യാടി: കൊവിഡ് കാലത്ത് പരമാവധി സ്ഥലങ്ങളിൽ കൃഷി ചെയ്യണമെന്നാണ് സർക്കാർ ആഹ്വാനം. ഈ ആഹ്വാനം ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൊട്ടിൽ പാലം-നിടുവയൽ റോഡിൽ തന്നെ വാഴ നട്ടു. ടാറിംഗ് ഇളകി ചെളിക്കുളമായിട്ടും നവീകരിക്കാൻ അധികൃതർക്ക് മനസില്ലെങ്കിൽ കൃഷിയ്ക്ക് ഇതിലും പറ്റിയ സ്ഥലം വേറെ ഇല്ലെന്നാണ് നാട്ടുകാരുടെ പക്ഷം.
കുടിയേറ്റ ഗ്രാമമായ തൊട്ടിൽപാലത്ത് നിന്ന് ഇരാറ്റുപേട്ട, പിറവം, കോട്ടയം, തൃശൂർ ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി.യുടേത് അടക്കം അനേകം ബസുകൾ പ്രയാസപ്പെട്ട് പോകുന്ന റൂട്ടാണിത്. തൊട്ടിൽപാലത്ത് നിന്ന് കോഴിക്കോടേക്ക് ഗതാഗതക്കുരുക്ക് അറിയാതെ യാത്ര ചെയ്യാൻ പറ്റുന്ന ഏക മലയോര പാതയ്ക്കാണ് ഈ അവസ്ഥ.
തൊട്ടിൽപാലത്ത് നിന്ന് പെരുവണ്ണാമൂഴി, ചക്കിട്ടപ്പാറ, കുരാച്ചുണ്ട്, കുട്ടാലിട വഴി ബാലശ്ശേരിയിലേക്കും എത്താം. റോഡിലെ ടാറിംഗ് തകർന്ന് മെറ്റലുകൾ വ്യാപിച്ചിരിക്കുന്നതിന് പുറമെ ചെളികാരണം കാൽനട പോലും പ്രയാസത്തിലാണ്. ഇരുചക്ര വാഹനങ്ങളും തെന്നി വീഴുന്നു.
റോഡ് നവീകരിക്കാൻ നാലര വർഷം മുൻപ് തുടങ്ങിയ പതിനേഴ് കോടി രൂപയുടെ ടെണ്ടർ നടപടികൾ പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. റോഡിൽ വാഴ നട്ടുള്ള പ്രതിഷേധത്തിന് നേതാക്കളായ ഉമേഷ് കുണ്ട് തോട്, നിഖിൽ രൂപ്, ലയ്മോൻ തടത്തിൽ, ഡോൺ വെമ്പാല എന്നിവർ നേതൃത്വം നൽകി.