pic

കല്ലറ: യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വീട്ടിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. ബുധനാഴ്ചയാണ് പാങ്ങോട് പുലിപ്പാറ പരയ്ക്കാടിനു സമീപം ക്രിമിനൽ കേസ് പ്രതിയായ ഷിബുവിന്റെ മൃതദേഹം വീട്ടിൽ കട്ടിലിനോട് ചേർന്ന് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്ത് നിന്ന് കാൽ കണ്ടെത്തിയതിനെ തുടർന്ന് പാങ്ങോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.സാഹചര്യത്തെളിവുകളുടെയും കൈയിൽ കെട്ടിയിരുന്ന ചരടിന്റെയും അടിസ്ഥാനത്തിലാണ് മരിച്ചത് ഷിബുവാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ഫോറൻസിക് പരിശോധനയിൽ മണ്ണെണ്ണ, പെട്രോൾ ,തീപ്പെട്ടി ഇവയൊന്നും കണ്ടെത്തിയിട്ടില്ല. മറ്റെവിടെയെങ്കിലും വച്ച് അപായപ്പെടുത്തി കത്തിച്ച ശേഷം ഇവിടെ കൊണ്ടു വന്നിട്ടതാകാം എന്ന നിഗമനവും പൊലീസിനുണ്ട്. അതേസമയം, റോഡിൽ നിന്ന് കണ്ടെത്തിയ കാൽഭാഗത്തിന് പൊള്ളൽ ഏറ്റിട്ടില്ല. ഒരു കൊലക്കേസ് പ്രതി ഷിബുവിന്റെ വീട്ടിൽ നിത്യസന്ദർശകനായിരുന്നെന്നും ഇയാളുമായി ഷിബു കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയിരുന്നതായും നാട്ടുകാർ പറയുന്നു. ഷിബു താമസിച്ചിരുന്ന കോളനിയിലെ വീട്ടുകാരെല്ലാം ഇയാളെ ഭയന്ന് വീടുവിട്ടു പോയിരുന്നു. മോഷണ കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ഷിബു ഒരു മാസം മുൻപാണ് ജയിൽ മോചിതനായത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും മരണത്തിൽ ദുരൂഹത രേഖപ്പെടുത്തിയിരുന്നു. അതേസമയം, ഷിബുവുമായി സംഘട്ടനത്തിലേർപ്പെട്ട കൊലക്കേസ് പ്രതി പാങ്ങോട് പൊലീസ് കസ്റ്റഡിയിലുണ്ടന്നാണ് സൂചന.