കല്ലമ്പലം: അര ലക്ഷത്തിലധികം ജനസംഖ്യയുള്ള നാവായിക്കുളത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധം ശക്തം. പദ്ധതി നടപ്പാക്കി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യത്തിൽ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനങ്ങൾ സർക്കാരിനെയും എം.എൽ.എയും അറിയിച്ചിട്ടും നടപടിയുണ്ടായില്ല. മൂന്നുറോളം രോഗികളാണ് നിത്യേന ചികിത്സ തേടി ഇവിടെ എത്തുന്നത്. കൊവിഡ് കാലത്തും രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായില്ല. തിരക്കു കൂടിയതിനാൽ പഞ്ചായത്ത് കരാർ അടിസ്ഥാനത്തിൽ ഒരു ഡോക്ടറെ കൂടി നിയമിച്ചാണ് രോഗികളുടെ തിരക്ക് പരിഗണിച്ചത്. മരുന്ന് വിതരണത്തിന് ഒരു ഫാർമസിസ്റ്റിനെ കൂടി നിയമിച്ചു. ലാബ് ടെക്നിഷ്യന്റെ സേവനവും ലഭ്യമാണ്. ഇരുന്നൂറിലേറെ കിടപ്പുരോഗികളുള്ള ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്താൻ എം.എൽ.എ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് പഞ്ചായത്തും നാട്ടുകാരും ആവശ്യപ്പെട്ടു.