care

പാലിയേറ്റീവ് കെയർ ദിനം ഇന്ന്

...............

നാണിയമ്മയ്‌ക്ക് വയസായി. ഭർത്താവ് കഴിഞ്ഞ വർഷം വീണതാണ് .ഒരു വശം തളർന്നു. കുറച്ചുനാൾ ഐ.സി.യുവിലായിരുന്നു. ഇപ്പോൾ ചുവരിൽ പിടിച്ച് വടിയുംകുത്തി വീടിനകത്തൊക്കെ നടക്കും. നടപ്പു കാണുമ്പോൾ ഇനിയും വീഴുമോയെന്ന് നാണിയമ്മ ഭയക്കും. നാണിയമ്മയ്‌ക്കുമുണ്ട് പ്രമേഹവും പ്രഷറും. പതിവായി മരുന്ന് കഴിക്കണമെന്നൊക്കെ പറഞ്ഞിട്ടുണ്ട്; ഇല്ലെങ്കിൽ ഭർത്താവിനെപ്പോലെ ഒരു വശം തളർന്നുവീഴുമെന്നും ആശാപ്രവർത്തക തെളിച്ചു പറഞ്ഞു. മരുന്ന് ഹെൽത്ത് സെന്ററിൽ കിട്ടും. പക്ഷേ ആരു പോയി വാങ്ങാൻ? ആശാപ്രവർത്തകയോടു ചോദിച്ചു. അവർക്ക് മരുന്നു കൊണ്ടുവരാൻ അവകാശമില്ലത്രേ. പത്തു വീടിനപ്പുറത്ത് മാസത്തിലൊരിക്കൽ പാലിയേറ്റീവ് കെയർ നഴ്സ് വരുന്നുണ്ട്. പക്ഷേ മരുന്ന് കൊണ്ടുവരാൻ അവർക്കാവില്ല. കോടതിവിധിയുണ്ടെന്നോ മറ്റോ ആണ് പറഞ്ഞത്. പിള്ളേർ ഒരു കിലോമീറ്റർ അപ്പുറത്ത് താമസിക്കുന്നു. പക്ഷേ മരുന്ന് വാങ്ങിത്തരാനൊക്കെ അവർക്കെവിടെ സമയം? മരുന്ന് വാങ്ങാൻ നടന്നാൽ ഒരു ദിവസത്തെ പണി പോകും - പിന്നെ അവരുടെ കുടുംബം എങ്ങനെ നടക്കും?



സുരേഷ് ഓട്ടോ ഡ്രൈവറാണ്. നാട്ടുകാർ പണം പിരിച്ചും സ്വന്തം വീട് പണയപ്പെടുത്തിയും പൈസ സ്വരുക്കൂട്ടി വൃക്ക മാറ്റിവച്ചു. ഇപ്പോഴിതാ ഓട്ടോയ്ക്ക് ഓട്ടമില്ല. വരുമാനമില്ല. മാസം പതിനായിരത്തിൽപ്പരം രൂപ വേണം. സ്വന്തം മരുന്നുകൾക്ക് എണ്ണായിരത്തിലധികം. പിന്നെ അച്ഛന്റെ മരുന്ന്, അമ്മയുടെ മരുന്ന്, ഇളയ മകന്റെ മരുന്ന്. സ്വന്തം മരുന്ന് നിറുത്തിയാൽ വൃക്ക ഒരാഴ്ചയ്ക്കുള്ളിൽ അടിച്ചുപോകുമത്രേ. എല്ലാവർക്കും വിഷം കൊടുത്താലോ എന്നുവരെ ചിന്തിക്കാറുണ്ട്.



സുമയും മക്കളും തനിച്ചാണ് താമസം. ഭർത്താവ് ഉപേക്ഷിച്ച് പോയിട്ട് കാലം കുറെ ആയി. ഇളയവന് ആസ്‌‌ത്മ ഉണ്ട്; പതിവായി മരുന്ന് വേണം. സുമയ്ക്കു വരുമാനം ഉണ്ടാക്കിയെ പറ്റൂ. അറിയാവുന്ന ഒരേയൊരു പണി അടുക്കളപ്പണിയാണ്. അടുത്ത ഒരു വീട്ടിൽ പാർട്ട് ടൈം ആയി പോയി തുടങ്ങി. അവിടെ മൂന്ന് കാർ ഉണ്ട്. വീട് പണി തീർത്ത് ഓരോ ദിവസം ഓരോ കാർ കഴുകുക സുമയുടെ പണി ആണ്. ആ വീട്ടിൽ നിന്നു കിട്ടുന്നതും റേഷനും കൂടി ചേർന്ന് കഷ്ടിച്ചു അങ്ങനെ കഴിഞ്ഞുപോകുക ആയിരുന്നു. അപ്പോഴാണ് കൊവിഡ് വന്നത്. തത്‌കാലം കൊറോണ കഴിയുന്നതു വരെ പണിക്കു വരണ്ട എന്ന് വീട്ടുകാർ പറഞ്ഞു. ആകെയുള്ള വരുമാനം മുട്ടിയാൽ എന്ത് ചെയ്യും? അടുത്തുള്ള വേറെ ചില വീടുകളിൽ ശ്രമിച്ചു. ആരും നിറുത്താൻ തയ്യാറല്ല. എന്തിനു വയ്യാവേലി വലിച്ചുവയ്ക്കണം? വീട് പണി തന്നെത്താൻ ചെയ്തു തുടങ്ങി അവരൊക്കെ. റേഷൻ കിട്ടുന്നത് കൊണ്ട് കഞ്ഞികുടിച്ചു പോകാം. എന്നാലും മകൾ പാല് ചോദിച്ചു കരയുമ്പോൾ സുമയുടെ നെഞ്ച് ഉരുകും. ഇളയവന്റെ ആസ്ത്‌മ മരുന്നാണ് സുമയുടെ ഏറ്റവും വലിയ ജീവിതപ്രശ്നം. അടുത്ത വീട്ടിലെ രോഹിണി ചേച്ചിക്ക് സർക്കാർ ജോലി ആയതുകൊണ്ട് കഴിയും പോലെ വല്ലതും തരും. അതുകൊണ്ട് എന്താകാൻ.കൊവിഡ് കാലത്തു രോഗവും കൊണ്ട് വീട്ടിൽ ചെല്ലുകയാണോ എന്ന മട്ടിൽ. വല്ലതും വീട്ടിൽ കൊടുത്തു വിട്ടോളാമെന്നു പറഞ്ഞു. പക്ഷേ ഒന്നും വീട്ടിലെത്തിയില്ല. ആത്മഹത്യയെ പറ്റിയുള്ള ചിന്ത മനസിൽ നിന്നും വിട്ടുമാറാതെ നിൽക്കുന്നു.



കേരളത്തിലെ സ്ഥിതി മറ്റു സംസ്ഥാനങ്ങളുമായി നോക്കിയാൽ എന്ത് മെച്ചമാണ്. സമ്പദ്‌ സ്ഥിതി മെച്ചം. ആരോഗ്യപരിപാലനം ഏറെ മെച്ചം. പക്ഷെ ഒക്കെ ആപേക്ഷികമാണല്ലോ. കർണാടകയേക്കാളും മെച്ചമാണെന്നു പറഞ്ഞുകൊണ്ട് നമ്മുടെ സാധാരണക്കാരുടെ പ്രശ്നങ്ങൾ ഇല്ലാതാകുമോ! കുറെ ഏറെ നമ്മൾ മുന്നോട്ടുപോയിട്ടും എത്തേണ്ടിടത്തു എത്താൻ ആവുന്നില്ല. എന്താണ് വേണ്ടത്? നമ്മളൊക്കെ ആരോഗ്യത്തിനു ആവശ്യത്തിന് പ്രാധാന്യം കൊടുക്കുന്നെങ്കിൽ നമ്മുടെ ഭരണകൂടവും ആരോഗ്യപരിപാലനത്തിന് ആവശ്യത്തിന് വിഹിതം മാറ്റിവയ്ക്കണം. ജി.ഡി.പിയുടെ 1.2 - 1.3 ശതമാനം മാത്രമാണ് ആരോഗ്യത്തിനു നാം ചെലവഴിക്കുന്നത്. എല്ലാ പരിഷ്‌കൃത രാജ്യങ്ങളും, മാത്രമല്ല അവികസിത രാജ്യങ്ങളിൽ പലതും വരുമാനത്തിന്റെ അഞ്ച് ശതമാനമെങ്കിലും ആരോഗ്യ സംരക്ഷണത്തിന് മാറ്റിവയ്ക്കുന്നു. ഇവിടെ വേണം തുടക്കം. നമ്മുടെ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും ആവശ്യത്തിന് ആരോഗ്യപ്രവർത്തകർ ഉണ്ടാവണം. കുറുക്കുവഴികൾ മതിയാവില്ല. നാലുപേരുടെ ഭാരം ഒരാളുടെ മുതുകിൽ വച്ചാൽ അയാൾക്ക് ജോലി ചെയ്തു തീർക്കാനുള്ള ബാദ്ധ്യതയില്ല എന്ന് സ്വയം തോന്നും. ചെയ്യാവുന്നത് പോലും ചെയ്യാത്തവർക്ക് രക്ഷപെടാനും എളുപ്പമാണ്.

എല്ലാ നയവും - അത് വയോജനനയം ആവട്ടെ, പാലിയേറ്റീവ് നയം ആവട്ടെ, മാനസികാരോഗ്യ നയം ആവട്ടെ, അംഗവൈകല്യം ഉള്ളവരുടെ ശുശ്രൂഷ ആവട്ടെ - എന്തായാലും ഓരോ നയത്തിനും നടപ്പിൽവരുത്തുന്നു എന്ന് ഉറപ്പുള്ള കർമ്മരേഖ വേണം. അതിന്റെ ചുമതല ഉള്ളവർ മാത്രം അതിനെ വിലയിരുത്തിയാൽ പോരാ. കാര്യം നടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെങ്കിൽ ബാഹ്യമായ ഒരു വിലയിരുത്തൽ സമ്പ്രദായം ഉണ്ടായേ പറ്റൂ.

നാം കഴിഞ്ഞ രണ്ടുദശാബ്ദത്തിൽ ആരോഗ്യരംഗത്ത് എത്രയോ മുന്നോട്ടുപോയി ! നമ്മൾ എത്തേണ്ടിടത്ത് എത്തി - എത്തിയില്ല എന്ന് നിൽക്കുന്നു.

കൊവിഡ് വന്നപ്പോൾ വ്യക്തമായിരിക്കുന്നത് സമൂഹത്തിന്റെ പങ്കാളിത്തത്തിന്റെ അപര്യാപ്തതയാണ്. 2019-ൽ പുതുക്കിയ പാലിയേറ്റീവ് കെയർ നയം നടപ്പിൽ വന്നാൽ കുറെയൊക്കെ മാറ്റം വരുമായിരിക്കും. സർക്കാരും സന്നദ്ധ സംഘടനകളും ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ പ്രസക്തി അതിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ചുറ്റുമുള്ള ആരോഗ്യപ്രശ്നങ്ങളിൽ സമൂഹത്തിനു പങ്കാളിത്തമുള്ള ചികിത്സാ സമ്പ്രദായത്തിനു പലതും ചെയ്യാനാവും. സമൂഹത്തിലെ വിഭവദാരിദ്ര്യമല്ല നാണിയമ്മയുടെയും സുരേഷിന്റെയും സുമയുടെയും ദുരിതത്തിന് കാരണമായത്; മനുഷ്യത്വത്തിന്റെ മരവിപ്പാണ്.