
പൂവാർ: കരുംകുളം കോട്ടുകാൽ ഗ്രാമ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് അമ്പലത്തുമൂലയിൽ കരിച്ചൽ കായലിന് കുറുകെയുള്ള പാലംപണി പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച അമ്പലത്തുമൂല പാലം തൂണിൽ മാത്രമായി ഒതുങ്ങി നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ചാണ് തീരദേശ വികസന കോർപറേഷൻ അടിമലത്തുറ മുതൽ പൂവാർ വരെ നീളുന്ന തീരദേശറോഡ് നിർമ്മിച്ചത്. മത്സ്യ ബന്ധനത്തിനായി അടിമലത്തുറയിൽ നിന്നും പുല്ലുവിളയിലേക്കും അവിടെനിന്ന് തിരിച്ചും മത്സ്യത്തൊഴിലാളികൾ ദിവസവും
യാത്ര ചെയ്യേണ്ടതുണ്ട്. മത്സ്യബന്ധന ഉപകരണങ്ങൾ പലപ്പോഴും അങ്ങോട്ടുമിങ്ങോട്ടും എത്തിക്കാൻ വൻതുക ചെലവിടേണ്ടിവരും. മത്സ്യ വിപണനവും ഇക്കാരണത്താൽ പ്രതിസന്ധിയിലാണ്. മത്സ്യ ഗ്രാമങ്ങളായ അടിമലത്തുറയും പുല്ലുവിളയും തമ്മിൽ ബന്ധിപ്പിക്കാൻ കരിച്ചൽ കായലിന് കുറുകെ പാലം അനാവര്യമായിരുന്നു. നൂറ് മീറ്റർ ദൂരം താണ്ടാൻ 3 കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. കോവളം പോലെ തന്നെ ടൂറിസവുമായി ബന്ധപ്പെട്ട് അനുദിനം വികസിച്ചുവരുന്ന ചൊവ്വര, അടിമലത്തുറ പ്രദേശങ്ങളെ പൂവാറുമായി ബന്ധിപ്പിക്കേണ്ടത് ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ആവശ്യമായിരുന്നു. പൂവാർ പൊഴിക്കര ടൂറിസ്റ്റ് കേന്ദ്രവുമായി ചൊവ്വര, അടിമലത്തുറ പ്രദേശങ്ങളെ കൂട്ടി ചേർക്കേണ്ടത് ടൂറിസത്തിന് അനിവാര്യമായിരുന്നു.
റിവേഴ്സ് എസ്റ്റിമേറ്റ് അനുവദിച്ചെങ്കിലും
പ്രദേശത്തെ ടൂറിസം സാദ്ധ്യത തിരിച്ചറിഞ്ഞ് ടൂറിസം ഡിപ്പാർട്ട്മെന്റ് 2013 ൽ അമ്പലത്തുമൂലയിൽ പാലം പണിയാൻ കിഡ്കോയുമായി കരാറിലേർപ്പെട്ടു. പാലം നിർമ്മാണത്തിന് 5 കോടി രൂപ ചെലവ് വകയിരുത്തി നിർമ്മാണവും ആരംഭിച്ചു. കായലിന്റെ ഇരുകരയിലും കോൺക്രീറ്റ് തൂണുകൾ ഉയർന്നു. എന്നാൽ കിഡ്കോ കരാർ മറിച്ചുനൽകിയെന്ന ആരോപണവും, പാലത്തിന് ബലക്ഷയമുണ്ടെന്ന വാദവും ശക്തിപ്പെട്ടതോടെ പാലം തൂണിൽ തൂങ്ങുകയായിരുന്നു. വർഷങ്ങൾക്കൊടുവിൽ ജനകീയ ഇടപെടലുകളെ തുടർന്ന് കരാറിലെ അപാകതകർ പരിഹരിച്ച് 3.5 കോടിയുടെ റിവേഴ്സ് എസ്റ്റിമേറ്റ് നിലവിൽവന്നു. എങ്കിലും തീരദേശ ഹൈവേ വരുന്നു എന്ന പ്രചാരണം ശക്തിപ്പെട്ടതോടെ പാലം നിർമ്മാണം വീണ്ടും പ്രതിസന്ധിയിൽ എത്തിയിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.