
കണ്ണൂർ: കണ്ണൂർ-കാസർകോട് ദേശീയപാതയിലെ കുഴികളിൽ വീണുള്ള വാഹനാപകടങ്ങൾ ഓരോ ദിവസവും കൂടുന്നു. ഇരുചക്ര, മുചക്ര വാഹനങ്ങളാണ് ദുരിത ബാധിതരിൽ മുന്നിൽ. കഴിഞ്ഞ ദിവസം കാസർകോട് എ.ആർ കാമ്പിലെ ചന്തേര സ്വദേശിയായ എസ്.ഐ അപകടത്തിൽ പെട്ടത് കാഞ്ഞങ്ങാട് പുതിയകോട്ടയിൽ നിന്നായിരുന്നു. ഇദ്ദേഹം സഞ്ചരിച്ച ഇരുചക്ര വാഹനം കുഴിയിൽ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞു.
പിന്നാലെ വന്ന ബൊലേരോ കാർ ശരീരത്തിൽ കയറിയതോടെ സാരമായി പരിക്കേറ്റ എസ്.ഐ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുഖത്ത് മാത്രം ഏഴ് ശസ്ത്രക്രിയകളാണ് വേണ്ടിവന്നത്. സ്പൈനൽകോഡിനും കാര്യമായ ക്ഷതം സംഭവിച്ചിരുന്നു.
മഴ പെയ്താൽ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതു കാരണം കുഴിയുടെ ആഴം ഡ്രൈവർമാർക്ക് അറിയാനും കഴിയുന്നില്ല. ഏതാനം ആഴ്ചകൾക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പ് കുഴി അടക്കൽ യജ്ഞം നടത്തിയിരുന്നെങ്കിലും, തൊഴിലാളികൾ പോയതിന് പിറകെ അടച്ച ഭാഗങ്ങളത്രയും അടർന്നു. കരിവെള്ളൂർ, വെള്ളൂർ, പെരുമ്പ, വളപട്ടണം പാലത്തിന് ഇരുവശങ്ങളിലും കാസർകോട് ജില്ലയിൽ കാലിക്കടവ് മുതൽ കാഞ്ഞങ്ങാട് വരെയും, കുമ്പള മുതൽ ഉപ്പളവരെയുമാണ് ദേശീയപാത തകർന്ന് കിടക്കുന്നത്.
കുഴി അടക്കലിനും സാങ്കേതിക കുരുക്ക്
ദേശീയപാതയിലെ കുഴി അടക്കൽ സാങ്കേതിക കുരുക്കിൽ പെട്ട് കിടക്കുകയാണെന്ന് കണ്ണൂർ നാഷണൽ ഹൈവേ സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ടി. പ്രശാന്ത് പറഞ്ഞു. ധർമ്മടം മുതൽ മാഹി പാലം വരെയും വേളാപുരം മുതൽ താണ വരെയുമുള്ള ദേശീയപാത നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യയ്ക്ക് കൈമാറിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങി. ഇത്രയും ഭാഗങ്ങളിൽ ഇനിമുതൽ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാൻ കഴിയില്ല. കോഴിക്കോട് ആസ്ഥാനമായാണ് എൻ.എച്ച്.എ.ഐ പ്രവർത്തിക്കുന്നത്. അവർക്ക് റോഡ് തകർന്ന വിഷയത്തിൽ പെട്ടെന്ന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. സർക്കാരുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടി എടുക്കാനുള്ള ശ്രമത്തിലാണ്. അതേസമയം കാലിക്കടവ് മുതൽ പരിയാരം വരെയുള്ള കുഴികൾ അടക്കാനുള്ള നടപടികൾ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.