l

തിരുവനന്തപുരം: മലയാളത്തിന്റെ ഗാനകിന്നരൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ അറിയപ്പെടാതെപോയ ഒരു അപൂർവ കവിത വർഷങ്ങളോളം ആരാധകൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു. ഒടുവിൽ കാലങ്ങൾക്ക് ഇപ്പുറം അതേ ആരാധകന്റെ മകളിലൂടെ ആ കവിത പുനർജനിക്കുന്നു. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി പരേതനായ ഡോ. രവീന്ദ്രന്റെ മകളും പിന്നണിഗായികയുമായ ലൗലി ജനാർദനനാണ് ‘ബ്രഹ്മചാരി'യെന്ന കവിത അടുത്തിടെ യൂട്യൂബിലൂടെ കാവ്യാസ്വാദകരിലേക്കെത്തിച്ചത്.

എന്നെങ്കിലും ചങ്ങമ്പുഴയെ കാണുമ്പോൾ പിറന്നാൾ സമ്മാനമായി ചൊല്ലികേൾപ്പിക്കാൻ ഡോ.രവീന്ദ്രൻ കരുതിവച്ചതായിരുന്നു 'ബ്രഹ്മചാരി'. കവിയുടെ സമ്പൂർണ കൃതികളിലും ബ്രഹ്മചാരി ഉൾപ്പെടാതെ പോയി. പ്രസിദ്ധീകരണത്തിന്റെ വലിപ്പവും പ്രചാരവുമൊന്നും നോക്കാതെ ആവശ്യപ്പെടുന്നവർക്കെല്ലാം കവിത എഴുതി നൽകുന്ന ചങ്ങമ്പുഴ, ഭൂമിയിൽ ലഭിച്ച അല്പായുസിന്റെ അവസാനവർഷങ്ങളിലെഴുതിയതാണ് 'ബ്രഹ്മചാരി'. വെഞ്ഞാറമൂട്ടിലെ ഒരു ചായക്കടയിൽ വച്ച് ഒരു പഴയ മാസിക വായിക്കുമ്പോഴാണ് ഈ കവിത ശ്രദ്ധയിൽപ്പെട്ടത്. ചങ്ങമ്പുഴയുടെ ആരാധകനായ രവീന്ദ്രൻ കടക്കാരന്റെ അനുവാദത്തോടെ ആ മാസിക വീട്ടിൽ കൊണ്ടുപോയി. ശ്രീനാരായണ ഗുരുവിന്റെയും കുമാരനാശാന്റെയും വള്ളത്തോളിന്റെയുമൊക്കെ കാവ്യങ്ങൾ കാണാതെ ചൊല്ലി മനസിൽ സൂക്ഷിക്കുന്ന രവീന്ദ്രൻ ബ്രഹ്മചാരിയെയും മനസിന്റെ ലൈബ്രറിയിൽ സൂക്ഷിച്ചു. 1948 ജൂൺ 17ന് 36-ാമത്തെ വയസിൽ ചങ്ങമ്പുഴ മറഞ്ഞു. അന്ന് 24 വയസുകാരൻ രവീന്ദ്രൻ കരഞ്ഞു തളർന്നുപോയിരുന്നു.

1991ൽ ഗാനപ്രവീണയ്ക്കു പഠിക്കുന്ന മകൾ ലൗലിയുടെ ലെറ്റർപാഡിൽ ഡോ.രവീന്ദ്രൻ ബ്രഹ്മചാരി പകർത്തി എഴുതി നൽകി. ചങ്ങമ്പുഴ അനുസ്മരണചടങ്ങിൽ കവിത ചൊല്ലാനുള്ള അവസരം ലഭിച്ചത് ലൗലിക്കായിരുന്നു. അന്ന് വി.ജെ.ടി ഹാളിൽ നടന്ന ചടങ്ങിൽ ലൗലിയുടെ ശബ്ദത്തിൽ ബ്രഹ്മചാരി കേട്ടവരുടെ കൂട്ടത്തിൽ പ്രൊഫ. എം.കെ.സാനുവുമുണ്ടായിരുന്നു.

അന്ന് അദ്ഭുതത്തോടെ അദ്ദേഹം ആ കവിത ചോദിച്ചു വാങ്ങി. 1996ൽ രവീന്ദ്രൻ മരിച്ചു. ശേഷം ലൗലി കവിത സാനുമാഷിൽ നിന്നും തിരിച്ചുവാങ്ങി.

 ഇന്നും പ്രസക്തം ഈ കവിത

'ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന പുസ്തകം എഴുതിയതിനു ശേഷമാണ് ബ്രഹ്മചാരി ലൗലി ചൊല്ലുന്നത് ഞാൻ കേട്ടതെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു. അതിനു മുമ്പായിരുന്നുവെങ്കിൽ ഈ കവിതയെക്കുറിച്ച് കൂടി പുസ്തകത്തിൽ ചേർത്തേനേ. സമകാലിക പ്രസക്തിയുള്ളതാണ് ബ്രഹ്മചരി.

 കവിതയിലെ ചില വരികൾ

'ഒരുവനാനഭ്രാന്ത്, അന്യനു കാമഭ്രാന്ത്

ഒരുവനാചാരഭ്രാന്ത്, അന്യനു മതഭ്രാന്ത്

ഒരുവനധികാരഭ്രാന്ത്, അതു സത്യം സത്യം'

................................

'നാലുപേരൊന്നിച്ചൊരു കുറ്റി നാട്ടട്ടെ മണ്ണിൽ

നാലായിരം മണ്ടന്മാർ ചേർന്നതിൽ കൊടികെട്ടും

നാളുകളെട്ടോ പത്തോ കഴിഞ്ഞാലതുപിന്നെ

നാടിന്റെ ചരിത്രത്തിൻ പ്രാണനാഡികയായി'

കവിതയുടെ പ്രമേയം

മിക്ക ചങ്ങമ്പുഴ കവിതകളിലെയും പോലെ പ്രണയം തന്നെയാണ് ബ്രഹ്മചാരിയിലെയും പ്രമേയം. ‘മേരി’യോടുള്ള പ്രണയം ഭാര്യ കണ്ടുപിടിക്കുകയും തുടർന്ന് കലഹിക്കുകയും ചെയ്യേണ്ടിവരുന്നതാണ് ഇതിവൃത്തം.