ears

കർണ്ണരോഗങ്ങൾ 28 തരത്തിലുണ്ടെന്നാണ് ആയുർവേദം പറയുന്നത്.

അതിലെ പല കർണ്ണരോഗങ്ങളുടെയും പ്രധാനലക്ഷണമാണ് ചെവിവേദന. ചെവിവേദനയുടെ കാരണങ്ങൾ പലതാണ്. തുമ്മലോട് കൂടിയ ജലദോഷമോ മൂക്കടപ്പോടുകൂടിയ സൈനസൈറ്റിസോയുള്ളവർക്ക് ശക്തിയായി മൂക്കു ചീറ്റുന്നതും ശ്വാസം വലിക്കുന്നതും കാരണം ചെവിയ്ക്കകത്തെ യൂസ്റ്റേക്കിയൻ ട്യൂബിൽ ഉണ്ടാകുന്ന വീക്കം ചെവിവേദനയുണ്ടാക്കും.

യാത്ര ചെയ്യുമ്പോൾ ചെവിക്കകത്ത് തണുത്ത കാറ്റേൽക്കുന്നതും തണുപ്പുകാലത്ത് രാത്രിയിൽ തണുത്ത വെള്ളത്തിൽ കുളിക്കുന്നതും ചെവി വേദനയ്ക്ക് കാരണമാകാം. മുണ്ടിനീര്, ആന്തരകർണ്ണത്തിലെ വീക്കവും പഴുപ്പും എന്നിവയും വേദനയ്ക്ക് ഇ‌ടയാക്കും.

അവസാനത്തെ പല്ലുകൾ (വിസ്ഡം ടീത്ത്) പൊടിക്കുമ്പോഴും വേദന ഉണ്ടാകുകയും ചെവിയുടെ ഭാഗത്ത് വേദന കേന്ദ്രീകരിക്കുകയും ചെയ്യും. നല്ല വേദനയുണ്ടെങ്കിൽ പല്ല് എളുപ്പം പുറത്തേക്ക് വരാനുള്ള മരുന്നുകൾ ഉപയോഗിച്ചോ മോണയിൽ കീറൽ ഉണ്ടാക്കിയോ വേദന കുറയ്ക്കാവുന്നതാണ്.

ചെവിക്കുള്ളിൽ കടന്ന പ്രാണികൾക്ക് പുറത്തേക്ക് വരാൻ കഴിയാതെ അവയുടെ മൂർച്ചയുള്ള കാലുകൾ ഉപയോഗിച്ചുണ്ടാക്കുന്ന പോറലുകളും വേദനയുണ്ടാക്കും. ഉള്ളിൽ കയറിയ ചെറിയ പ്രാണികളെ വെളിച്ചം കാണിച്ച് ആകർഷിച്ച് പുറത്തിറക്കാൻ സാധിക്കും. കുറച്ചു നേരം തുടർച്ചയായി ചെവിയിലേക്ക് വെളിച്ചം പ്രകാശിപ്പിച്ചാൽ മതിയാകും.

എന്നാൽ, ചെവിയിൽ നേരത്തെതന്നെ സുഷിരമുള്ളവരിൽ പ്രാണികളെ കൊല്ലാനായി വെള്ളമോ മറ്റു ദ്രാവകങ്ങളോ ഒഴിക്കരുത്. അല്ലാത്തവരിൽ വെള്ളമൊഴിച്ചും അകത്തേക്ക് കടന്ന പ്രാണിയെ കൊല്ലാൻ കഴിയും. ചെവിക്കുള്ളിൽ പ്രാണി കയറിയിട്ടുണ്ടെന്ന് ഉറപ്പായാൽ മാത്രമേ ഇതൊക്കെ ചെയ്യാവൂ. ജീവനുള്ള പ്രാണികളെ ഉപദ്രവിച്ച് പുറത്ത് ചാടിക്കാൻ ശ്രമിക്കരുത്. മുറിവേറ്റ പ്രാണികൾ ചെവിക്കുള്ളിൽ കൂടുതൽ മുറിവുകൾ ഉണ്ടാക്കും.

തല കുളിച്ചതിലൂടെ ചെവിയുടെ ഉൾവശം നനഞ്ഞുകുതിർന്നിരിക്കുമ്പോൾ മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് ചെവിക്കായം എടുക്കാൻ ശ്രമിക്കരുത്.ചെവിക്കുള്ളിൽ കൂടുതൽ മുറിവുകൾ ഉണ്ടാകാൻ അത് ഇടയാക്കും.

മരുന്നുകളെ സൂക്ഷിക്കണം

ചെവിയിൽ ഒഴിക്കുന്ന മരുന്നുകളും കഴിക്കുന്ന ചില ആന്റി ബയോട്ടിക്കുകളും കേൾവി ശക്തിയെ ബാധിക്കുന്നവയല്ലെന്ന് ഉറപ്പു വരുത്തണം. ഡോക്ടറുടെ നിർദ്ദേശമില്ലാതെ അവ വീണ്ടും ഉപയോഗിക്കാൻ പാടില്ല. ചെവിക്കായം മാറ്റാൻ മരുന്ന് വാങ്ങി സൂക്ഷിച്ചുവച്ച് ഇടയ്ക്കിടെ ഉപയോഗിക്കുന്നവരുണ്ട്. അത് സുരക്ഷിതമല്ലെന്നറിയുക.

ശരിയായും നല്ല രീതിയിലും ആഹാരം ചവച്ചരച്ച് കഴിക്കുന്ന ഒരാളിൽ ചെവിക്കായം തങ്ങി നിൽക്കാറില്ല. ചെവിക്കായത്തിന്റെ പേര് പറഞ്ഞ് എപ്പോഴും ചെവി ചൊറിഞ്ഞും വൃത്തിയാക്കിയും നടക്കേണ്ട കാര്യവുമില്ല.

ബഡ്സ് ഉപയോഗിച്ച് ചെവി വൃത്തിയാക്കാൻ ശ്രമിക്കുന്ന പലരും യഥാർത്ഥത്തിൽ ചെവിക്കായം ഉള്ളിലേക്ക് വീണ്ടും തിരുകിക്കയറ്റി വയ്ക്കുകയാണ് ചെയ്യുന്നത്. ബഡ്സിലെ കോട്ടൺ ചെവിക്കുള്ളിൽ പെട്ടു പോകാനും സാദ്ധ്യതയുണ്ട്.

മുതിർന്നവർ ബഡ്സ് ഉപയോഗിക്കുന്നത് കാണുന്ന കുട്ടികൾ മുത്ത്, ബഡ്സിലെ കോട്ടൺ, മഞ്ചാടിക്കുരു, തീപ്പെട്ടിക്കൊള്ളി, വിത്തുകൾ തുടങ്ങിയവ ചെവിക്കുള്ളിൽ കയറ്റി വയ്ക്കുകയോ, മുതിർന്നവരുടെ അസാന്നിദ്ധ്യത്തിലും ചെവി വൃത്തിയാക്കാൻ ശ്രമിക്കുകയോ ചെയ്യാം. ഇത് അപകടങ്ങൾ ക്ഷണിച്ചുവരുത്തും.

പല്ലിന് പോടുള്ളവർക്കും ശക്തമായ തലവേദനയുള്ളവർക്കും ചെവിയ്ക്കകത്ത് വേദന വരാം. വേദന മാറ്റാൻ സ്പെഷ്യലൈസ് ചെയ്ത ആയുർവേദ ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്താം.