
നാളെ 78-ാം പിറന്നാൾ ആഘോഷിക്കുന്ന അമിതാഭ് ബച്ചനെക്കുറിച്ചുള്ള അപൂർവ വിശേഷങ്ങൾ
അഭിനേതാക്കൾ അനവധിയുണ്ട്. താരങ്ങളും സൂപ്പർ താരങ്ങളുമുണ്ട് ഒട്ടേറെ. പക്ഷേ ഒരേയൊരു അമിതാഭ് ബച്ചനേയുള്ളൂ. വിശേഷണങ്ങളൊന്നും ആവശ്യമില്ലാത്ത ഇന്ത്യൻ സിനിമയിലെ വിശിഷ്ട താരം.
അഞ്ചാം പതിറ്റാണ്ടിലേക്ക് കടക്കുന്ന അഭിനയ സപര്യയിൽ ബച്ചൻ എന്ന ബിഗ് ബി.
കെട്ടിയാടാത്ത വേഷങ്ങളില്ലെന്ന് തന്നെ പറയാം. ക്ളാസിനെയും മാസ്സിനെയും കോരിത്തരിപ്പിച്ച വേഷപ്പകർച്ചകൾ.
''Actor.... atleast some still think so" അമിതാഭ് ബച്ചന്റെ ട്വിറ്റർ ബയോയിൽകുറിച്ചിരിക്കുന്നതിങ്ങനെയാണ്. ''അഭിനേതാവ് : ചുരുങ്ങിയ പക്ഷം ചിലർ ഇപ്പോഴും അങ്ങനെ കരുതുന്നു..."
സ്വന്തം 'കാലിബറി"ൽ ഉത്തമ വിശ്വാസമുള്ളൊരാൾക്ക് മാത്രമേ തന്നെക്കുറിച്ച് ഇങ്ങനെ വിശേഷിപ്പിക്കാൻ കഴിയൂ.
പ്രശസ്ത കവി ഹരിവംശ റായ് ബച്ചന്റെ മകന്അങ്ങനെയേ കുറിക്കാൻ കഴിയൂവെന്നത് മറ്റൊരു നേര്.
ഇൻക്വിലാബ് ശ്രീവാസ്തവ
അമിതാഭ് ബച്ചനായി
ഇൻക്വിലാബ്ശ്രീവാസ്തവയെന്നാണ് അച്ഛൻ മകനിട്ട പേര്. 1942 ഒക്ടോബർ പതിനൊന്നിന് അലഹബാദിലാണ് ബച്ചന്റെ ജനനം. പ്രശസ്ത കവി സുമിത്രാനന്ദൻ പന്തിന്റെ നിർദ്ദേശ പ്രകാരമാണ് അച്ഛൻ നൽകിയ പേര് മാറ്റി അദ്ദേഹം അമിതാഭ് ബച്ചൻ എന്ന പേര് സ്വീകരിച്ചത്.
ഡൽഹിയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ബച്ചൻ കൊൽക്കത്തയിലെ ഒരു ഷിപ്പിംഗ് കമ്പനിയിലാണ് ആദ്യം ജോലി ചെയ്യുന്നത്. ഏഴ് വർഷത്തോളം അവിടെ. അത് കഴിഞ്ഞ് മുംബയിലേക്കെത്തിയ അദ്ദേഹത്തിന്റെ ഗാംഭീര്യമുള്ള ശബ്ദം ചില സിനിമാപ്രവർത്തകരെ ആകർഷിച്ചു. അഭിനയം തുടങ്ങും മുൻപേ ബച്ചന്റെ ഘനഗംഭീര ശബ്ദം പല സിനിമകളിലും മുഴങ്ങിക്കേട്ടു. സത്യജിത്ത് റേയുടെ ശത്രജ് കേ ഖിലാഡിഅതിലൊന്ന് മാത്രം. റേഡിയോയ്ക്ക് അനുയോജ്യമല്ലെന്ന കാരണത്താൽ ആൾ ഇന്ത്യാ റേഡിയോ ഒരിക്കൽ ഒഴിവാക്കിയതാണ് ആ ശബ്ദമെന്നത് മറ്റൊരു തമാശ.
സാത്ത് ഹിന്ദുസ്ഥാനിയിൽ
തുടക്കം
1969-ൽ ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ സൗത്ത് ഹിന്ദുസ്ഥാനിയിലൂടെയാണ് അഭിനയരംഗത്ത് അമിതാഭിന്റെ അരങ്ങേറ്റം. മലയാള സിനിമയുടെ കാരണവർ മധു ആ സിനിമയിൽ അമിതാഭിനേക്കാൾ പ്രാധാന്യമുള്ള വേഷത്തിലഭിനയിച്ചുവെന്നതും ചരിത്രം. സൂപ്പർ താരമായ രാജേഷ് ഖന്നയ്ക്കൊപ്പം ആനന്ദ്, നമക്ക് ഹരാം എന്നീ സിനിമകളിൽ ചെറുവേഷങ്ങളിലഭിനയിച്ച അമിതാഭ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ആനന്ദിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിം ഫെയർ പുരസ്കാരവും നേടി.
1973-ൽ പുറത്തിറങ്ങിയ സഞ്ജീറാണ്അമിതാഭിനെ മെഗാതാരമാക്കിയത്. ബോളിവുഡ് പുതിയ 'ക്ഷോഭിക്കുന്ന യുവത്വ"ത്തെ ആഘോഷിക്കാൻ തുടങ്ങി.അതുവരെ പ്രണയനായകൻമാരെ മാത്രം കണ്ടുപരിചയിച്ചിരുന്ന ബോളിവുഡിന് ബച്ചൻ യഥാർത്ഥ ഹീറോയായി.
പ്രണയം
വിവാഹം
സ്ക്രീനിലെ ആംഗ്രി യംഗ്മാൻ ജീവിതത്തിൽ പ്രണയനായകനായത് ഹൃഷികേശ് മുഖർജിയുടെ ക്ളാസിക്കായ അഭിമാന്റെചിത്രീകരണവേളയിലാണ് ഒപ്പമഭിനയിച്ച ജയഭാദുരിയുമായി പ്രണയത്തിലായ ബച്ചൻ ചിത്രം റിലീസാകുന്നതിന് ഒരുമാസം മുൻപേ ബച്ചൻ വിവാഹം കഴിച്ചു.
അഗ്നിപഥ്, ഡോൺ, ത്രിശൂൽ, കഭി കഭി... സൂപ്പർ ഹിറ്റുകളുടെ പരമ്പര സൃഷ്ടിച്ച ബച്ചൻ ബോളിവുഡിന്റെ ചോദ്യം ചെയ്യാനാവാത്ത ബാദ്ഷയായി. ഷോലൈയിലെ ജയ് സ്ക്രീനിൽ മരിക്കുന്നത് കണ്ട് ആരാധകർ വിങ്ങിപ്പൊട്ടി. ദീവാറിൽ ബച്ചൻ വില്ലനായപ്പോൾ പ്രേക്ഷകർ വില്ലനെ ആരാധിച്ചു. അതായിരുന്നു അമിതാഭ് ഇംപാക്ട്.
കഭി കഭിയാണ് ബച്ചന്റെ ഏറ്റവും മികച്ച പ്രണയ ചിത്രമായി ജനം വിലയിരുത്തപ്പെടുന്നത്. ''കഭി കഭി മേരെ ദിൽ മേം ഖയാൽ ആത്താഹെ" എന്ന ഗാനം ഇന്നും പ്രണയികളുടെ പ്രിയഗാനമാണ്.
ചുപ് കേ ചുപ് കേ, നമക്ക് ഹ ലാൽ, അമർ അക്ബർ അന്തോണി തുടങ്ങിയ സിനിമകളിലൂടെ കോമഡിയും തനിക്ക് അനായാസമായി വഴങ്ങുമെന്ന് ബച്ചൻ തെളിയിച്ചു.
അപകടങ്ങൾ
തുടർക്കഥ
കൂലിയുടെ ചിത്രീകരണത്തിനിടയിൽ ഗുരുതര പരിക്കേറ്റ്ബച്ചൻ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടപ്പോൾ നാടും നഗരവും തങ്ങളുടെ നായകന്റെ തിരിച്ചുവരവിനായി മനസ്സുരുകി പ്രാർത്ഥിച്ചു. തിരിച്ചുവരവിന് ശേഷവും ബച്ചനെ അപകടങ്ങൾ വിട്ടൊഴിഞ്ഞില്ല. ശരാബി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ അദ്ദേഹത്തിന്റെ കൈയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. പാന്റ്സിന്റെയും കോട്ടിന്റെയും പോക്കറ്റിനുള്ളിൽ പൊള്ളലേറ്റ കൈ തിരുകി ബച്ചൻ വീണ്ടും അഭിനയിച്ചു. ആ മാനറിസം പിന്നീട് ട്രെൻഡായി. പല നായകന്മാരും അത് അനുകരിക്കാനും തുടങ്ങി.
എൺപതുകൾ വരെ വിജയങ്ങളുടെ ഉത്തുംഗ ഗൃംഗത്തിൽ നിന്ന ബച്ചന്പിന്നീട് തുടർ പരാജയങ്ങളുണ്ടായി. രാജീവ് ഗാന്ധിയുമായുള്ള സൗഹൃദം അദ്ദേഹത്തെ രാഷ്ട്രീയത്തിലിറങ്ങാൻ പ്രേരിപ്പിച്ചെങ്കിലും അവിടെയും പരാജയമായിരുന്നു ഫലം. തിരിച്ചടികൾ ബച്ചനെ പുതിയൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചു. അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ് (എ.ബി.സി.എൽ) എന്ന പുതിയ നിർമ്മാണക്കമ്പനി തുടങ്ങി. മൃത്യുദാദ ഉൾപ്പെടെ നിർമ്മിച്ച ചിത്രങ്ങൾ പക്ഷേ വേണ്ടത്ര നേട്ടം കൊയ്തില്ല. മിസ് വേൾഡ് മത്സരത്തിന്റെ സംഘാടകരായി രംഗത്ത് വന്നപ്പോഴും പരാജയമായിരുന്നു ഫലം. അതോടെ കമ്പനി കടബാദ്ധ്യതയിലായി. നിയമയുദ്ധങ്ങളുടെ നാളുകളായിരുന്നു പിന്നീട്.
'കോടിപതി"യായി
പുനർജന്മം
കോൻ ബനേഗാ ക്രോർപതി എന്ന ടിവി ഷോയിലെ അവതാരകന്റെ വേഷം ബച്ചന ് വീണ്ടും പുനർജന്മം നൽകി. ബിഗ് ബിയുടെ സ്ക്രീൻ പ്രസൻസും കരിഷ്മയുമൊക്കെ കാലമെത്ര കഴിഞ്ഞാലും കൈമോശം വരില്ലെന്ന് ആ സൂപ്പർഹിറ്റ് ടിവി ഷോ തെളിയിച്ചു.ആദിത്യ ചോപ്ര ഒരുക്കിയ മൊഹബത്തേം, കരൺ ജോഹറിന്റെ കദി ഖുശി കഭി ഗം എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ 'ഷഹൻ ഷാ" വിജയവഴിയിലേക്ക് തിരിച്ചെത്തി.
''റിഷ്തേ മേം മൈം തുമാരാ ബാപ്പ് ഹോതോ ഹെ" ഷഹൻ ഷായിലെ ബച്ചന്റെ തിരശ്ശീലകളെ ഇളക്കിമറിച്ച തീപ്പൊരി ഡയലോഗാണിത്. അഭിനയത്തിന്റെ കാര്യത്തിലും ബച്ചൻ 'ബാപ്പ്" തന്നെയാണെന്ന് തെളിയിച്ച സിനിമകൾ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ, ബ്ളാക്ക്, പാ... ബച്ചന് വീണ്ടും മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത സിനിമകൾ. അഗ്നിപഥിലെ അഭിനയത്തിനായിരുന്നു ആദ്യ ദേശീയ പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയത്.
സിനിമകളിൽ മാത്രമല്ല ജീവിതത്തിൽ വിവിധ 'റോളുകൾ" മികവോടെ തികവോടെ കൈകാര്യം ചെയ്തയാളാണ്അമിതാഭ് ബച്ചൻ. ഭർത്താവ്, അച്ഛൻ, മുത്തച്ഛൻ, സുഹൃത്ത്, വഴികാട്ടി...
ദേശീയ പുരസ്കാരങ്ങൾ, മാഡം ടു സാഡ്സ്വാക്സ് മ്യൂസിയത്തിൽ വാക്സ് പ്രതിമ, ഡോക്ടറേറ്റ് ബിരുദങ്ങൾ, ആരാധകരുടെ സ്നേഹ ബഹുമാനങ്ങൾ..
ബിഗ് ബിയ്ക്ക് അംഗീകാരങ്ങൾ അവസാനിക്കുന്നില്ല. ജീവിക്കുന്ന ഇതിഹാസത്തിന് ജന്മദിനാശംസകൾ.