mental-health

ശാരീരികാരോഗ്യം പോലെ പ്രധാനമാണ് മാനസികാരോഗ്യവും. അതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഒക്ടോബർ 10 ലോകമാനസികാരോഗ്യ ദിനമായി ആചരിക്കുന്നത്. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധവത്‌കരിക്കുക, മാനസികാരോഗ്യവും ശാരീരികാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവബോധം വളർത്തുക എന്നീ ലക്ഷ്യത്തോടെയാണ് ലോക മാനസികാരോഗ്യദിനം സംഘടിപ്പിക്കുന്നത്.

സമൂഹം വളരെയേറെ പുരോഗമിച്ചെങ്കിലും

മാനസികാരോഗ്യത്തെക്കുറിച്ചും. മാനസികാരോഗ്യ വിദഗ്ധരെക്കുറിച്ചും സമൂഹത്തിന് ഇന്നും പരിമിതമായ അറിവാണുള്ളത്.

കൊവിഡ് കാലത്ത് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഉയർന്നു വരുന്നതിനാൽ കൊവിഡ് കാലത്തെ മാനസികാരോഗ്യ ദിനത്തിന് സവിശേഷതയുണ്ട്. സർവസ്വതന്ത്രരായിരുന്ന മനുഷ്യർ വീടുകളിലേക്ക് ചുരുങ്ങിയപ്പോഴുണ്ടായ ബുദ്ധിമുട്ടുകളാണ് പ്രശ്‌നങ്ങൾക്ക് വഴിതുറന്നത്. മാനസികാരോഗ്യത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാട് മാറേണ്ടിയിരിക്കുന്നു എന്ന് തിരിച്ചറിയണം. മറ്ര് രോഗങ്ങൾക്ക് ഡോക്ടറെ കാണുന്ന മനോഭാവത്തോടെയല്ല സമൂഹം മാനസികരോഗ്യ വിദഗ്ധനെ കാണുന്നത്. ഒരു മന:ശാസ്ത്രജ്ഞനെയോ മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കാൻ പലരും മടികാട്ടുന്നു.

ഒരാളുടെ സ്വഭാവത്തിൽ വരുന്ന വ്യത്യാസം മാനസിക പ്രശ്‌നങ്ങളുടെ ഭാഗമാണെന്ന് അടുപ്പമുള്ളവർ പോലും മനസിലാക്കാറില്ല. അപൂർവം ചിലർ തിരിച്ചറിഞ്ഞാലും മാനസികാരോഗ്യവിദഗ്ധനെ കാണാൻ പ്രോത്സാഹിപ്പിക്കാറില്ല. മറ്റുള്ളവരെന്തു ചിന്തിക്കുമെന്ന തെറ്റായ വിചാരമാണിതിന് അടിസ്ഥാനം. ഈ കാഴ്ചപ്പാടിൽ മാറ്റം വരുത്തിയാൽ മാത്രമേ സമൂഹത്തിൽ കൂടുതൽ മെച്ചപ്പെട്ട മാനസിക ആരോഗ്യമുള്ളവരെ സ‌ൃഷ്ടിക്കാൻ സാധിക്കൂ.

മാനസികാരോഗ്യ പ്രവർത്തകർ എന്ന് പറയുന്നത് സൈക്യാട്രിസ്റ്റ്,​ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്കോളജിസ്റ്റ് ,സൈക്യാട്രിക് സോഷ്യൽ വർക്കർ, സൈക്യാട്രിക് നഴ്‌സ് കൗൺസിലർ തുടങ്ങിയവരെയാണ്. ഇവരെല്ലാവരും ശാസ്ത്രീയമായി മാനസികാരോഗ്യത്തിന്റെ പല മേഖലകൾ പഠിച്ചവരും പ്രവർത്തിക്കാൻ പ്രാവീണ്യം നേടിയവരുമായിരിക്കും. മാനസികാരോഗ്യം നിലനിറുത്താൻ ചില സന്ദർഭങ്ങളിൽ മരുന്നുകളുടെ സഹായം ആവശ്യമായി വരാറുണ്ട്. അത്തരം മരുന്നുകൾ നൽകാനുള്ള അധികാരം സൈക്യാട്രിസ്റ്റിന് മാത്രമാണെന്നും മനസിലാക്കണം. സൈക്യാട്രിക് സോഷ്യൽ വർക്കർ, കൗൺസിലർ, സൈക്കോളജിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നിവർ മരുന്നുകളുടെ സഹായത്തോടെയല്ല ചികിത്സിക്കുന്നത്. മാനസികാരോഗ്യം നിലനിറുത്തുന്നതിന് പ്രാവീണ്യവും വൈദദ്ധ്യവുമുള്ള വിദഗ്ധനെ തന്നെ കാണേണ്ടത് അനിവാര്യമാണ്.

( ലേഖികയുടെ ഫോൺ : 9496814274 )