kani

'ബിരിയാണി' യിലെ അഭിനയത്തിന് കനി കുസൃതിക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്‌ക്കാരം. 42-ാമത് മോസ്‌കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സര വിഭാഗത്തിൽ മികച്ച നടിയായി കനി കുസൃതി തിരഞ്ഞെടുക്കപ്പെട്ടു. 1935ൽ തുടങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നായ മോസ്‌കോ ഫിലിം ഫെസ്റ്റിവലിൽ ഒരു മലയാള സിനിമയ്ക്ക് ആദ്യമായാണ് അവാർഡ് ലഭിക്കുന്നത്. ബ്രിക്സ് വിഭാഗത്തിൽ മത്സരിച്ച രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നായിരുന്നു ബിരിയാണി. മികച്ച നടൻ, നടി, സിനിമ, സംവിധാനം, ജൂറി പ്രൈസ് എന്നീ അവാർഡുകളാണ് ജൂറി പ്രഖ്യാപിച്ചത്.

ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിപ്പിക്കുകയും അവിടെ മികച്ച സിനിമയ്ക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടുകയും, ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, സ്‌പെയിനിലെ ഇമാജിൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ കനി കുസൃതിക്ക് രണ്ടാമത്തെ മികച്ച നടിക്കുള്ള അവാർഡ്, മികച്ച തിരക്കഥയ്ക്കുള്ള പത്മരാജൻ പുരസ്കാരവും നേടിയിരുന്നു. ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളെ തുടർന്ന് നാട് വിടേണ്ടി വന്ന കദീജയുടേയും, ഉമ്മയുടേയും യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും അഭിനയിക്കുന്നു. കൂടാതെ സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നയ്ക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം യു.എ.എൻ ഫിലിം ഹൗസ് ബാനറാണ് നിർമിച്ചിരിക്കുന്നത്. സജിൻ ബാബു രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിന്റെ ക്യാമറ കാർത്തിക് മുത്തുകുമാറാണ്. എഡിറ്റിംഗ്: അപ്പു ഭട്ടതിരി, സംഗീതം: ലിയോ ടോ. പി.ആർ.ഒ: എ.എസ് ദിനേശ്.