campost-unit

വക്കം: കൊവിഡ് നാടിനെ വിറപ്പിക്കുമ്പോഴും ജൈവകൃഷിയിൽ നൂറുമേനി വിളയിക്കാൻ ഒരുങ്ങുകയാണ് വക്കം പഞ്ചായത്ത്. പഞ്ചായത്തിലെ 14 വാർഡുകളിലായി വക്കം കൃഷി ഭവന്റെ നേതൃത്വത്തിൽ 825 കുടുംബങ്ങളിൽ അടുക്കളത്തോട്ടം പദ്ധതി നടപ്പാക്കി. വീടുകളിൽ തക്കാളി, വെണ്ട, കത്തിരി ,മുളക്, അമര തുടങ്ങിയവയുടെ ഹൈബ്രിഡ് തൈകളും വളവുമാണ് വിതരണം ചെയ്തത്. 38 ജെ.എൽ.ജി ഗ്രൂപ്പുകൾ വഴി 80 ഏക്കറിൽ പച്ചക്കറി കൃഷിയും ആരംഭിച്ചിട്ടുണ്ട്. രണ്ട് ഹെക്ടറിൽ മരച്ചീനി കൃഷിയും ആരംഭിച്ചു. സാമൂഹ്യഅകലം പാലിച്ചുകൊണ്ടാണ് പഞ്ചായത്ത് പ്രതിനിധികളും നാട്ടുകാരും ചേർന്ന് ജൈവകൃഷി ചെയ്യുന്നത്. സമ്പൂർണ ജൈവ പച്ചക്കറി ഉത്പാദനത്തിന് ജനങ്ങൾക്കൊപ്പം കൃഷിഭവനും കൈകോർത്തപ്പോൾ വക്കത്തിന് പുത്തൻ ഉണർവായി. കൂടാതെ വീടുകളിൽ സംസ്ഥാന സർക്കാരിന്റെ ഫല വൃക്ഷ തൈകൾ വിതരണം ചെയ്യുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 4000 വാഴക്കന്നുകൾ വിവിധ വാർഡുകളിൽ സൗജന്യമായി വിതരണം ചെയ്തു. മാവ്, മുരിങ്ങ പ്ലാവ്, പുളി, കുരുമുളക് തുടങ്ങിയ ഫലവൃക്ഷ തൈകളും ഇപ്പോൾ വിതരണം ചെയ്യുന്നുണ്ട്.