
പാലോട്: വിവിധ ജുവലറികളിൽ വ്യാജ സ്വർണം വില്പന നടത്തി പണം തട്ടിയെടുത്ത കേസിലെ 3 പ്രതികളെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. അഴിക്കോട് കുറുങ്ങോട് പറങ്കിമാംവിള സുബുഹന മൻസിലിൽ സനൂപ് (25), പൂന്തുറ മാണിക്യവിളാകം ഷാൻ മൻസിലിൽ മുഹമ്മദ് ഷാൻ (24), ബീമാപള്ളി കുന്നുവിളാപുരയിടം ടി.സി 46/7 ൽ വാഹിദ (34) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മൂന്ന് പേരും ഓട്ടോറിക്ഷയിൽ പാലോട്ട് എത്തി. ഇതിൽ രണ്ടുപേർ ഒരു ജുവലറിയിൽ കയറി രണ്ട് വളകൾ വില്പന നടത്തി പൈസ വാങ്ങിപ്പോയി. വീണ്ടും അടുത്ത കടയിൽ കയറി രണ്ടു വളകൾ വില്പന നടത്തി. കൂടുതൽ പരിശോധന നടത്തിയപ്പോൾ വ്യാജ സ്വർണം ആണെന്നു മനസിലാക്കി വ്യാപാരികൾ പൊലീസിനെ വിളിക്കുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വെളിവായത്. ഒറ്റനോട്ടത്തിൽ വ്യാജമാണെന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ബി.ഐ.എസ്, ഹാൾമാർക്ക് മുദ്രയുള്ള ആഭരണങ്ങളാണ് ഇവർ വില്പന നടത്തിയിരുന്നത്. നെടുമങ്ങാട് സ്വദേശിയാണ് ഇത് നിർമ്മിച്ചു നൽകിയത് എന്ന് അറിവായിട്ടുണ്ട്. ഇന്നലെത്തന്നെ കുളത്തൂപ്പുഴയിലെ ഒരു ജുവലറിയിലും തട്ടിപ്പു നടത്തിയതിന് കുളത്തൂപ്പുഴ പൊലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ചോദ്യം ചെയ്തതിൽ തിരുവനന്തപുരം, ശ്രീകാര്യം, പോത്തൻകോട്, ചിറയിൻകീഴ്, കാട്ടാക്കട, പേയാട്, നെയ്യാറ്റിൻകര തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ജുവലറികളിൽ വ്യാജ സ്വർണം വില്പന നടത്തി തട്ടിപ്പ് നടത്തിയതായി ഇവർ സമ്മതിച്ചിട്ടുണ്ട്. പാലോട് ഇൻസ്പെക്ടർ സി.കെ. മനോജിന്റെ നേതൃത്വത്തിൽ എസ്.ഐ മുരളീധരൻ, ഗ്രേഡ് എസ്.ഐ മാരായ സാം രാജ്, അൻസാരി,അനിൽകുമാർ, സി.പി.ഒ മാരായ നിസാം, അനൂപ്, വിനീത്, വനിതാ സി.പി.ഒ ലജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.