
തിരുവനന്തപുരം: 'മൂത്ത മകളെ നഷ്ടപ്പെട്ട ദിവസം ഷെഡിൽ നിന്നും രണ്ടുപേർ ഇറങ്ങിപോകുന്നതു കണ്ടെന്ന് എന്റെ മടിയിലിരുന്നാണ് ഇളയമകൾ പൊലീസിനോട് പറഞ്ഞത്. 52 - ാം ദിവസം അവളും കൊല്ലപ്പെട്ടു.
അവൾ പറഞ്ഞത് പൊലീസ് അന്വേഷിച്ചിരുന്നെങ്കിൽ...,
മൂത്ത മകൾ പീഡനത്തിനിരയായെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് സമയത്ത് കിട്ടിയിരുന്നെങ്കിൽ...
ഓർക്കുംതോറും നീറുന്ന സങ്കടങ്ങളുടെ കെട്ടഴിക്കുകയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ വാളയാർ പെൺകുട്ടികളുടെ മാതാവ്.
അറസ്റ്റിലായ നാലുപേരെ തെളിവ് ബോധ്യപ്പെടുത്താത്തതിനാൽ കോടതി വിട്ടയച്ചു. മുഖ്യമന്ത്രിക്ക് മൂന്നുവട്ടം പരാതി നൽകി. പക്ഷേ, കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥന് സർക്കാർ പ്രൊമോഷൻ കൊടുത്തു. മുഖ്യമന്ത്രിയെ കാണാൻ ഒപ്പം വന്ന സമുദായ നേതാവും വഞ്ചിച്ചു.
ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന സത്യഗ്രഹത്തിനെത്തിയതാണ് മാതാപിതാക്കൾ.
മക്കൾ കൊല്ലപ്പെട്ടിട്ട് മൂന്നു വർഷം കഴിഞ്ഞു.
'മൂത്തമകളെ അവളെക്കാൾ പൊക്കം കുറഞ്ഞ ഷെഡിലെ കഴുക്കോലിലാണ് തൂങ്ങിയ നിലയിൽ കണ്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി പൊലീസ് സ്റ്റേഷനിൽ പലവട്ടം കയറിയിറങ്ങി. പക്ഷേ, ഫലമുണ്ടായില്ല.
പട്ടിണികിടക്കാൻ കഴിയാത്തതുകൊണ്ട് ഞങ്ങൾ 41 ദിവസം കഴിഞ്ഞ് കോൺക്രീറ്റ് പണിക്ക് പോയി തുടങ്ങി. 2017 മാർച്ച് 4ന് ജോലികഴിഞ്ഞ് എത്തിയപ്പോൾ കതക് തുറന്നു കിടക്കുകയായിരുന്നു. കട്ടിലിനോട് ചേർന്ന് ഇളയ മകൾ ചാരി നിൽക്കുന്നതുപോലെയാണ് കണ്ടത്. പിന്നീടാണ് കഴുത്തിൽ മുറുകിയ കയർ കണ്ടത്. തലചുറ്റി വീണതു മാത്രമേ ഓർമ്മയുള്ളൂ. മക്കളുടെ അച്ഛനോട് ആരോ വിളിച്ചു പറഞ്ഞത് മൂത്തമകൾ ചെയ്തതുപോലെ ഇളയമകളും ചെയ്‌തെന്നാണ്.
' ഇളയ മകളുടെ സംസ്കാരം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം രണ്ടു പോസ്റ്റുമോർട്ടം റിപ്പോർട്ടും ഒരുമിച്ചാണ് പൊലീസിന് കിട്ടിയത്. അതിലാണ് രണ്ടുപേരും പീഡിപ്പിക്കപ്പെട്ടതായി കണ്ടത്. മൂത്തമകളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് യഥാസമയം കിട്ടിയിരുന്നെങ്കിൽ ഇളയകുട്ടിയെ പണിക്ക് പോകുമ്പോൾ കൂടെകൊണ്ടുപോകുമായിരുന്നു- നിർവികാരതയോടെ അച്ഛൻ പറഞ്ഞു. നിരവധി സംഘടനകളാണ് സമരത്തിന് പിന്തുണയുമായി എത്തിയത്.
ഇതു കേരളത്തിന്റെ കണ്ണീർ: ചെന്നിത്തല
തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ നീതിതേടി സെക്രട്ടേറിയേറ്റ് പടിക്കൽ കണ്ണീരാെഴുക്കുമ്പോൾ മുഖ്യമന്ത്രി പിണറായിയും
യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിൽ എന്ത് വ്യത്യാസമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കളുടെ കണ്ണീർ കേരളത്തിന്റെ കണ്ണീരാണ്.മാതാപിതാക്കൾ സെക്രട്ടേറിയറ്റിന് മുൻപിൽ നടത്തിയ സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പെൺകുട്ടികളുടെ കുടുംബത്തെ മുഖ്യമന്ത്രി വഞ്ചിച്ചു. എന്തുകൊണ്ട് പുനരന്വേഷണം നടത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
വി.എസ്.അച്യുതാനന്ദന്റെ മുൻ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാൻ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥനെ പുറത്താക്കുന്നതിനു പകരം എസ്.പിയായി പ്രൊമോട്ട് ചെയ്തെന്ന് ഷാജഹാൻ പറഞ്ഞു.
അയ്യൻകാളി സ്ക്വയറിൽ മഹാത്മാ അയ്യൻകാളിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് സത്യാഗ്രഹം ആരംഭിച്ചത്. പ്രതികളെ കുറ്റവിമുക്തരാക്കിയ പാലക്കാട് പോക്സോ കോടതിവിധിയുടെ പശ്ചാത്തലത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. 2017 ജനവരി 11 നും മാർച്ച് 4നുമായിരുന്നു പെൺകുട്ടികളുടെ മരണം.