
തിരുവനന്തപുരം: ദേവഭൂമിയിലെ നാടൻ പാട്ടുമായി ആ നാടിന്റെ ഹൃദയം കവർന്ന പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസുകാരി ദേവികയ്ക്ക് ഹിമാചൽപ്രദേശ് സർക്കാർ ആദരവൊരുക്കും. ഫേസ്ബുക്ക് കുറിപ്പിലൂടെ ദേവികയെ അഭിനന്ദനമറിയിച്ച ഹിമാചൽ മുഖ്യമന്ത്രി ജയറാം താക്കൂർ നാട് സന്ദർശിക്കാൻ ദേവികയെ ക്ഷണിക്കുകയും ചെയ്തു.
'പ്രശസ്തമായ ഹിമാചൽ ഗാനം ''ചമ്പാ കിത്നി ദൂർ...'' ശ്രുതിമധുരമായി, ഹിമാചലി ഉച്ചാരണത്തോടെ ആലപിച്ചാണ് ദേവിക ശ്രദ്ധേയയായത്. ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു ആലാപനം. ദേവികയെപ്പറ്റിയുള്ള കേരളകൗമുദി വാർത്ത വായിച്ച മന്ത്രി എ.കെ.ബാലൻ കഴിഞ്ഞ ദിവസം അഭിനന്ദനം അറിയിച്ചിരുന്നു. തിരുവനന്തപുരം തിരുമല സ്വദേശിയാണ് ഈ കൊച്ചുമിടുക്കി.
ഹിമാചൽ മുഖ്യമന്ത്രിയുടെ കുറിപ്പ് ഇങ്ങനെ:
വളരെ നന്ദി കുട്ടീ. നീ ഹിമാചലിന്റെ സംസ്‌കാരം ഉയർത്തിപ്പിടിക്കുക മാത്രമല്ല, മുഴുവൻ ജനതയടെയും ഹൃദയം കവരുകയും ചെയ്തു. നിന്റെ ശബ്ദത്തിൽ ഒരു മാന്ത്രികതയുണ്ട്. അത് ലോകം മുഴുവൻ അംഗീകരിക്കപ്പെടട്ടെയെന്ന് പ്രാർത്ഥിക്കുന്നു. പ്രിയപ്പെട്ട കുട്ടീ, ഹിമാചലിലേക്കു വരൂ, ഈ നാടിന്റെ സംസ്‌കാരം നേരിട്ടറിയൂ...ദേവഭൂമിയിൽ നിന്ന് നിന്റെ ശോഭനമായ ഭാവിക്ക് ശുഭാശംസകൾ നേരുന്നു'.
പാട്ട് മുഖ്യമന്ത്രിയുടെ
കാതിലെത്തിയ വഴി
സെപ്തംബർ 29: ദേവിക പാടിയ ഗാനത്തിന്റെ വീഡിയോ കേന്ദ്രീയ വിദ്യാലയത്തിന്റെ വെബ്സൈറ്റിൽ
സെപ്തംബർ 30: വീഡിയോ ഹിമാചലിലെ പ്രശസ്ത ഗായകൻ താക്കൂർദാസ് രാഥി ഫേസ്ബുക്കിലിട്ടു
ഒക്ടോബർ 4: ഹിമാചലിലും ഹിന്ദിഭൂമിയിലും പാട്ട് വൈറൽ. 20 ലക്ഷത്തിൽ പരം പേർ കണ്ടു
ഒക്ടോബർ 5: കേരളകൗമുദിക്കു വേണ്ടി ദേവികയുടെ ശബ്ദത്തിനൊപ്പം താക്കൂർദാസ് പാടിയ വീഡിയോ പുറത്തിറങ്ങി
ഒക്ടോബർ 5: ദേവികയെ കുറിച്ച് കേരളകൗമുദിയിൽ വന്ന വാർത്ത താക്കൂർ ദാസ് ഷെയർ ചെയ്തു
ഒക്ടോബർ 7: ഹിമാചൽ ചീഫ് സെക്രട്ടറി അനിൽകുമാർ കാഞ്ചി പാട്ടും വീഡിയോയും കേരളകൗമുദി വാർത്തയും ശ്രദ്ധിക്കുന്നു
ഒക്ടോബർ8: വാർത്തയുടെ പരിഭാഷയും വീഡിയോകളും മുഖ്യമന്ത്രിക്കു മുന്നിൽ
കേരളകൗമുദിയോട് നന്ദി
ശരിക്കും അദ്ഭുതലോകത്താണെന്നാണ് ഈ അഭിനന്ദനത്തിന് ദേവികയുടെ കമന്റ്. മകൾക്ക് വലിയ അംഗീകാരമാണ് കിട്ടിയതെന്ന് അമ്മ സംഗീത. അതിനെല്ലാം വഴിയൊരുക്കിയ 'കേരളകൗമുദി'ക്ക് കുടുംബം നന്ദി പറഞ്ഞു. ദേവികയ്ക്ക് പ്രശസ്തി ഇത്രത്തോളമെത്തിച്ചതിൽ കേരളകൗമുദിക്ക് വലിയ പങ്കാണുള്ളതെന്ന് പട്ടം കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ എസ്. അജയകുമാർ.