bhagyalakshmi

തിരുവനന്തപുരം: യൂ ട്യൂബിലൂടെ അശ്ളീല പരാമർശം നടത്തിയ വിജയ് പി നായരെ ആക്രമിച്ച കേസിൽ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യഹർജി കോടതി തള്ളി. ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ ഹർജിയാണ് രണ്ടാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കേശാദിനാഥൻ തള്ളിയത്. പ്രതികളുടെ പ്രവൃത്തി സംസ്കാരമുള്ള സമൂഹത്തിന് ചേർന്നതല്ലെന്ന് കോടതി വിമർശിച്ചു. ഇതോടെ പ്രതികളെ അറസ്റ്റു ചെയ്യാൻ സാധ്യതയേറി.

കൈയൂക്കും കായിക ശേഷിയുമുണ്ടെങ്കിൽ ആർക്കും നിയമം കൈയിലെടുക്കാമെന്ന അവസ്ഥ സംജാതമാക്കാനാകില്ലെന്ന് കോടതി പറഞ്ഞു. അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. പ്രതികളുടെ പ്രവൃത്തികണ്ട് ജനങ്ങൾ നിയമം കൈയിലെടുക്കാൻ ശ്രമിക്കുന്നത് അംഗീകരിയ്ക്കാനാകില്ല.നിയമവും സമാധാനവും നിലനിർത്തുകയും സംരക്ഷിയ്ക്കുകയുമാണ് കോടതിയുടെ ധർമ്മം.

ലോഡ്ജിൽ അതിക്രമിച്ച് കടന്ന് യൂ ട്യൂബറെ മർദ്ദിച്ച് മൊബെെലും ലാപ്ടോപ്പും മെെക്കും കവർന്ന നടപടി ലഘൂകരിച്ച് കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.

പബ്ളിക് പ്രോസിക്യൂട്ടർ എൻ.സി.പ്രിയൻ ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തിരുന്നു. അഞ്ചുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം 26ന് വൈകിട്ടാണ് വിജയ് പി നായരെ മർദ്ദിച്ചത്. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ഇത്തരത്തിൽ പെരുമാറിയതെന്ന് ഭാഗ്യലക്ഷ്മിയും കൂട്ടരും പറഞ്ഞിരുന്നു. വിജയ്.പി.നായർക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചെങ്കിലും ഐ.ടി. ആക്ട് പ്രകാരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലാണ്.

''മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ അറസ്റ്റിലേക്ക് കടക്കും. നടപടികൾ ഉടൻ സ്വീകരിക്കും. '

-ബൈജു,

എസ്.എച്ച്.ഒ, തമ്പാനൂർ സ്റ്റേഷൻ