
കാട്ടാക്കട: തെക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർഡാമിലേയ്ക്കുള്ള പ്രധാനറോഡ് പൊളിഞ്ഞിട്ട് വർഷങ്ങളായി. കാട്ടാക്കട- പാറശാല മണ്ഡലത്തിലൂടെയാണ് റോഡ് കടന്നു പോകുന്നത്. ഒൻപത് കിലോമീറ്റർദൂരം വരുന്ന റോഡിൽ പ്രധാന ജംഗ്ഷനുകളിലെല്ലാം വലിയ കുഴികളായി. ജീവൻ പണയം വച്ച് വേണം ഇതിലൂടെ സഞ്ചരിക്കാൻ. നെയ്യാർഡാം വിനോദസഞ്ചാര കേന്ദ്രത്തിലേക്കും, മലയോര പ്രദേശത്ത് നിന്നും ദിവസവും നിരവധി വാഹനങ്ങൾ പോകുന്ന, കുണ്ടും കുഴിയും വെള്ളക്കെട്ടും നിറഞ്ഞ റോഡിലെ യാത്ര നരകമാണ്. കൂടാതെ റോഡിന് ഇരുവശവുമുള്ള വ്യാപാര സ്ഥാപനങ്ങൾക്കും, പ്രദേശവാസികൾക്കും വേനൽക്കാലത്ത് റോഡിൽ നിന്നുയരുന്ന പൊടി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. റോഡിലെ ഇളകിക്കിടക്കുന്ന മെറ്റലുകൾ വാഹനം പോകുമ്പോൾ തെറിച്ച് കാൽനടയാത്രക്കാർക്ക് പരിക്കേൽക്കുന്നതും, വീടുകളിലെ ജനാല ചില്ലുകൾ പൊട്ടുന്നതും പതിവാണ്. ചൂണ്ടുപലക, മുതിയാവിള, മൈലോട്ടുമൂഴി, മൊട്ടമൂല, മഠത്തിക്കോണം, പട്ടകുളം, കള്ളിക്കാട് എന്നിവിടങ്ങളിൽ പലതവണ വാഹനാപകടങ്ങളുണ്ടായി. പലേടത്തും റോഡിലെ ടാർ ചെയ്ത ഭാഗം തിരിച്ചറിയാനാവില്ല. നെയ്യാർ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നെയ്യാർഡാം- ചൂണ്ടുപലക റോഡ് ആധുനിക രീതിയിൽ നവീകരിക്കാൻ 53 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് പ്രഖ്യാപനം വന്നിട്ട് രണ്ട് വർഷത്തിലേറെയായെങ്കിലും ഇതേവരെ പണി തുടങ്ങിയിട്ടില്ല.
പൊളിഞ്ഞതിങ്ങനെ..
കാളിപാറ ജലപദ്ധതിയ്ക്ക് വേണ്ടി വലിയ പൈപ്പുകൾ സ്ഥാപിച്ച ശേഷമാണ് റോഡ് ഗതാഗതയോഗ്യമല്ലാതായത്. 2012-15ൽ നവീകരിച്ച റോഡ് അടുത്തവർഷം തന്നെ പൈപ്പിടാനായി കുത്തിക്കുഴിക്കുകയിരുന്നു. ഇതിന് ശേഷം കള്ളിക്കാട് മുതൽ കാട്ടാക്കട വരെ പി.ഡബ്ല്യൂ.ഡി പലതവണ അറ്റകുറ്റപ്പണി നടത്തി. പല പ്രാവശ്യവും പേരിന് കുഴിയടയ്ക്കുകയായിരുന്നു. ലക്ഷങ്ങളാണ് ഇത്തരത്തിൽ പാഴായത്. ടാർ ഉപയോഗിച്ചുള്ള ജോലികൾ നടക്കാത്തതിനാൽ ഓരോ തവണയും അറ്റകുറ്റപ്പണി കഴിഞ്ഞുള്ള മഴയിൽ എല്ലാം ഒലിച്ചുപോയി റോഡ് പഴയപടിയാകും.
.