basil

നെടുമ്പാശേരി: നെടുമ്പാശേരി കയ്യാലപ്പടിയിൽ തുറവൂർ തെക്കിേനേടത്ത് ജിസ്‌മോനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഉൾപ്പടെ രണ്ടുപേരെക്കൂടി നെടുമ്പാശേരി പൊലീസ് അറസ്റ്റുചെയ്തു. ഒന്നാംപ്രതി ചെറിയവാപ്പാലിശേരി പുത്തൻവീട്ടിൽ ബേസിൽ (26), മൂന്നാംപ്രതി അങ്കമാലി റെയിൽവേ കോളനിക്ക് സമീപം ജീരകത്തുവീട്ടിൽ വിനു മണി (22) എന്നിവരാണ് പിടിയിലായത്.

കേസുമായി ബന്ധപ്പെട്ട് ചെറിയ വാപ്പാലശേരി ജീരകത്ത് വീട്ടിൽ മനു മണി (24), ഇടപ്പള്ളി കുന്നുംപുറത്ത് അജയ് കെ. സുനിൽ (19), തേവക്കൽ ഓലിപ്പറമ്പിൽ വിപിൻ ആഷ്‌ലി (20) എന്നിവരെ കഴിഞ്ഞ ചൊവ്വാഴ്ച്ച അറസ്റ്റുചെയ്തിരുന്നു. ഇന്നലെ പിടിയിലായ മനു മണിയും നേരത്തെ പിടിയിലായ വിനു മണിയും സഹോദരന്മാരാണ്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.

ജിസ്‌മോനെ കുത്തിയത് ബേസിലാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ബെസിലും വിനു മണിയും ഏഴാറ്റുമുഖത്ത് ഒളിവിൽ താമസിക്കുകയായിരുന്നു. പ്രതികൾക്കെതിരെ കഞ്ചാവ് - അടിപിടി ഉൾപ്പെടെ നിരവധി കേസുകളുണ്ട്. ജിസ്‌മോനും പ്രതികളായവരും തമ്മിലുള്ള വ്യക്തിവിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഡിവൈ എസ്.പി ജി. വേണുവിന്റെ നിർദേശാനുസരണം നെടുമ്പാശേരി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ പി.എം. ബൈജുവിന്റെ നേതൃത്വത്തിൽ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്.

അങ്കമാലി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ സോണി മത്തായി, എസ്‌.ഐമാരായ രതീഷ്‌കുമാർ, ആർ. ബൈജു തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

പ്രതികളുടെ മൊബൈൽഫോണിൽനിന്ന് സംഭവസമയത്തിന് മുമ്പും ശേഷവും വിളിച്ചിട്ടുള്ള കോൾലിസ്റ്റ് ഉൾപ്പടെയുള്ള തെളിവുകൾ ശേഖരിച്ചാണ് പ്രതികളെ പിടികൂടിയത്.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി കഞ്ചാവ്, മോഷണം ഉൾപ്പെടെ 13 കേസുകളിൽ പ്രതിയായിരുന്നു മരിച്ച ജിസ്‌മോൻ.