
ആലുവ: കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയായ മലയാറ്റൂർ കടപ്പാറ ചെത്തിക്കാട്ട് വീട്ടിൽ കാര രതീഷ് എന്ന് വിളിക്കുന്ന രതീഷിനെ (37) വീണ്ടും കാപ്പ നിയമപ്രകാരം പൊലീസ് അറസ്റ്റുചെയ്തു. റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിവിധ ജില്ലകളിലായി കൊലപാതകം, വധശ്രമം, ആക്രമണം, ആയുധ നിയമപ്രകാരമുള്ള കേസ്, സ്‌ഫോടകവസ്തു കേസ്, മതസ്പർദ്ധ വളർത്തൽ തുടങ്ങിയ കേസുകളിലെ പ്രതിയാണ് ഇയാൾ. ഇതിനുമുമ്പ് രണ്ടുപ്രാവശ്യം കാപ്പ ചുമത്തിയിട്ടുണ്ട്.
2016ൽ കാലടിയിൽ സനൽ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ്. കാലടി മണപ്പുറത്ത് സിനിമാ ഷൂട്ടിംഗിനായി നിർമിച്ച സെറ്റ് തകർത്ത സംഭവത്തിൽ ഒന്നാം പ്രതിയായതിനെ തുടർന്നാണ് വീണ്ടും ഗുണ്ടാ നിയമപ്രകാരം നടപടി സ്വീകരിച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 23 പേരെ നാടുകടത്തിയിട്ടുണ്ട്. 11 പേരെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് എസ്.പി കാർത്തിക് പറഞ്ഞു.