
മെഷീനിന്റെ ശാപമോക്ഷം കേരളകൗമുദി വാർത്തയെത്തുടർന്ന്
തിരുവനന്തപുരം: മണ്ണന്തല പ്രസിൽ, മഷിയില്ലെന്ന് പറഞ്ഞ് പത്ത് മാസമായി പ്രവർത്തിപ്പിക്കാതെ കിടന്ന അഞ്ചരക്കോടിയുടെ പുതിയ ഓഫ് സെറ്റ് മെഷീൻ ഇന്ന് ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും.
ഇ-ടെൻഡർ മുടങ്ങിയതിനാൽ മെഷീൻ നശിക്കുന്നതായി കേരളകൗമുദി ആഗസ്റ്റ് 20ന് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് മുംബയിലെ ഒരു കമ്പനിയുമായി ഇ-ടെൻഡറിലൂടെ മഷിയും പ്ളേറ്റും വാങ്ങാൻ ധാരണയായി. പുതിയ പ്രസ് ഉപയോഗിക്കുമ്പോൾ അച്ചടിവകുപ്പിന് മാസം ശരാശരി 25 ലക്ഷം രൂപ ലാഭമുണ്ടാക്കാം. 36 വർഷം പഴക്കമുള്ള പ്രസിന്റെ താത്കാലിക നവീകരണത്തിന് ഒരു കോടി രൂപയുടെ പദ്ധതിയും സർക്കാരിന് സമർപ്പിച്ചു.
ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഡോ.ശശി തരൂർ എം.പി, മേയർ കെ.ശ്രീകുമാർ, അച്ചടി വകുപ്പ് സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട്,അച്ചടി വകുപ്പ് ഡയറക്ടർ ജയിംസ് രാജ്,ഗവൺമെന്റ് പ്രസ് സൂപ്രണ്ട് എ.സലീം, മണ്ണന്തല പ്രസ് ഡെപ്യൂട്ടി സൂപ്രണ്ട് വി.ജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.