
തിരുവനന്തപുരം: യു.ഡി.എഫ് എം.എൽ.എമാർ കള്ളപ്പണ സംഘത്തിന്റെ ഭാഗമായി മാറിയെന്ന് ഡി. വൈ .എഫ്. ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.88 ലക്ഷം രൂപയുടെ കള്ളപ്പണമാണ് ആദായനികുതിവകുപ്പ് കൊച്ചിയിൽ റെയ്ഡിൽ പിടിച്ചെടുത്തത്. പണമിടപാട് സമയത്ത് സ്ഥലത്തുണ്ടായിരുന്ന ജനപ്രതിനിധിയായ പ്രമുഖ കോൺഗ്രസ് നേതാവ് ആദായ നികുതി ഉദ്യോഗസ്ഥരെത്തുന്ന വിവരമറിഞ്ഞ് രക്ഷപ്പെട്ടു. താൻ ഓടിയിട്ടില്ലെന്നും റെയ്ഡ് നടന്ന കേന്ദ്രത്തിൽ ഉണ്ടായിരുന്നുവെന്നും സ്ഥിരീകരിച്ച പി.ടി.തോമസ് എം.എൽ.എ കള്ളപ്പണ ഇടപാടുകാരുമായി എന്താണ് ബന്ധമെന്ന് വ്യക്തമാക്കണം. ഒരു എം.എൽ.എ നേരിട്ട് കള്ളപ്പണ ഇടപാടിൽ പങ്കാളിയാകുന്നത് തീർത്തും അപമാനകരമാണ്. മഞ്ചേശ്വരം എം.എൽ.എ ഖമറുദീനെതിരായ നിരന്തര പരാതികൾക്ക് പിന്നാലെയാണിത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.