
തിരുവനന്തപുരം: ജനങ്ങൾക്ക് അന്തസോടെ ജീവിക്കാൻ ഭരണഘടന നൽകുന്ന അവകാശം ഉറപ്പാക്കണമെന്ന് സി.പി.ഐ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ
ആനി രാജ ആവശ്യപ്പെട്ടു. മുതിർന്ന പൗരന്മാരുടെയും സ്ത്രീകളുടെയും കാര്യത്തിൽ ഇത് പ്രത്യേകം ശ്രദ്ധിക്കണം. അവർക്ക് തൊഴിലും വരുമാനവും ലഭ്യമാക്കണം.
സാർവദേശീയ വയോജന ദിനാചരണത്തോടനുബന്ധിച്ച് വനിതാ ശാക്തീകരണത്തെപ്പറ്റി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആനിരാജ.
വൃദ്ധജനങ്ങളോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണ്. പെൻഷനായി 60 വയസു കഴിഞ്ഞവർക്ക് 200 രൂപ മാത്രമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. അവരുടെ ആരോഗ്യസംരക്ഷണത്തിനും സുരക്ഷയ്ക്കുമുള്ള പദ്ധതികളും പരിമിതമാണ്. ഇതൊക്കെ നേടിയെടുക്കാൻ യോജിച്ച പ്രക്ഷോഭ സമരങ്ങൾ ആവശ്യമാണെന്ന് അവർ പറഞ്ഞു. പ്രസിഡന്റ് എൻ. അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി. രാധാമണി, ഡോ. സാവിത്രി മനു, ജനറൽ സെക്രട്ടറി എസ്. ഹനീഫാ റാവുത്തർ, കെഎൻ.കെ നമ്പൂതിരി, ടി.പി.ആർ. ഉണ്ണി, പി. വിജയമ്മ എന്നിവർ സംസാരിച്ചു.