കൊച്ചി: മട്ടാഞ്ചേരി മൂന്നാം ഡിവിഷൻ ചക്കരയിടുക്ക് ബസാർ റോഡിൽ കാട് പിടിച്ച് കിടക്കുന്ന 63 സെന്റ് സ്ഥലം പ്രദേശവാസികൾക്ക് ഭീഷണിയായി മാറുന്നു. കാടു മൂടി കിടക്കുന്ന ഇവിടം ഇപ്പോൾ പാമ്പുകളുടെ വിഹാര കേന്ദ്രമാണ്. പെരുപാമ്പിന്റെ ശല്യം വർദ്ധിച്ചിട്ടുണ്ടെന്ന് നാട്ടുകാരുടെ പരാതി. ഈരവേലി ജുമാമസ്ജിദ് ഭാഗത്ത് താമസിക്കുന്നവരാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
സൗത്ത് ഈന്ത്യൻ കോർപ്പറേഷൻ സർക്കാരിൽ നിന്ന് പാട്ടത്തിനെടുത്ത ഭൂമിയാണിത്. എന്നാൽ ഭൂമി സർക്കാരിന് തിരിച്ചു കൊടുക്കാൻ കമ്പനി തയ്യാറായിട്ടില്ല. സർക്കാരും ഇത് ഏറ്റെടുക്കാൻ താത്പര്യം കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. നിരവധി തവണ കൗൺസിലർക്കും തഹസിൽദാർക്കും പരാതി നൽകിയെങ്കിലും ഭൂമിയുടെ പേരിൽ കേസ് നിലനിൽക്കുന്നതിനാൽ ഒന്നും ചെയ്യാനാവില്ലെന്നാണ് പറയുന്നത്. ഈ ഭൂമിയോട് ചേർന്ന് കിടക്കുന്ന 55 സെന്റ് സ്ഥലവും കാടു പിടിച്ചു കിടക്കുകയാണ്. ഒരു സ്വകാര്യ ട്രസ്റ്റിന്റേതാണ് ഈ ഭൂമി. കാട് വെട്ടിതെളിച്ച് ഭൂമി വൃത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാട് മൂടി കിടക്കുന്നത് പാമ്പ് ശല്യം വർദ്ധിപ്പിക്കുന്നു. അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. പാമ്പ് ശല്യം വർദ്ധിച്ചു വരുകയാണ്. എത്രയും പെട്ടെന്ന് കോർപറേഷൻ ഇടപെട്ട് കാട് വെട്ടി വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
കെ.എ മുജീബ് റഹ്മാൻ
സാമൂഹ്യപ്രവർത്തകൻ