തിരുവനന്തപുരം: നഗരത്തിൽ കഴിഞ്ഞ ദിവസം പെയ്‌ത മഴയിൽ പല പ്രദേശങ്ങളിലും വെള്ളം കയറി. വ്യാഴാഴ്ച വൈകിട്ട് 6.30ന് ആരംഭിച്ച മഴ പുലർച്ചെയോടെയാണ് ശമിച്ചത്. നഗരത്തിൽ 73.4 മി.മീറ്ററും വിമാനത്താവളത്തിൽ 60.2 മി.മീ. മഴയും രേഖപ്പെടുത്തി. പേട്ട, തമലം, പാറ്റൂർ, ആയുർവേദ കോളേജ് ജംഗ്ഷൻ, ചാക്ക,​ ഊറ്റുകുഴി ജംഗ്ഷൻ, പ്രസ്ക്ലബ് പരിസരം, തമ്പാനൂർ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ടായി. കണ്ണമ്മൂല,​ ബണ്ട് കോളനി,​പുത്തൻപാലം,​ ഗൗരീശപട്ടം എന്നീ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഇന്നലെ ഉച്ചയോടെയാണ് പല സ്ഥലങ്ങളിലും വെള്ളമിറങ്ങിയത്. കാൽനട യാത്രക്കാരെയും ഇരുചക്രവാഹന യാത്രികരെയും മഴ വലച്ചു. അരുവിക്കരയിലെ നീരൊഴുക്ക് വ‌ർദ്ധിച്ചതിനാൽ അരുവിക്കര ഡാമിന്റെ മൂന്ന് ഷട്ടറുകളും 60 സെന്റിമീറ്റർ വീതം ഉയർത്തിയിരുന്നു. വരും ദിവസങ്ങളിൽ നഗരത്തിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിഴിഞ്ഞം,​ ശംഖുംമുഖം, കോവളം എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്ദ്ധമാകാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.