തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളുടെ ദേശീയ നേതാവും നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം കേരളഘടകം ജനറൽ സെക്രട്ടറിയും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ മുൻ സംസ്ഥാന പ്രസിഡന്റുമായ ടി. പീറ്ററിന് (62) അന്ത്യാഞ്ജലി. കൊവിഡ് ബാധിച്ചാണ് മരണമടഞ്ഞത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സംസ്കാരം നടത്തിയത്. വലിയവേളി ഫാത്തിമമാത ചർച്ചിലായിരുന്നു ചടങ്ങുകൾ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയി നിന്ന് കോർപ്പറേഷൻ ഹെൽത്ത് വിഭാഗം ജീവനക്കാരാണ് മൃതദേഹം ഏറ്റുവാങ്ങി പള്ളിയിലെത്തിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ കെ. ശ്രീകുമാർ എന്നിവർ പള്ളിയിലെത്തിയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പീറ്റർ വ്യാഴാഴ്ച രാത്രി 10.30തോടെ യാണ് മരിച്ചത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്കായി നാലു പതിറ്റാണ്ടോളം പ്രവർത്തിച്ച അദ്ദേഹം ജനകീയ - പരിസ്ഥിതി സമരവേദികളിലും സജീവമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയ പ്രമുഖർ അനുശോചനം അറിയിച്ചു.