road

ചിറയിൻകീഴ്: ജനങ്ങളുടെ പരാതികൾക്കും ആവലാതികൾക്കും പരിഹാരം അകലെയായതോടെ മഞ്ചാടിമൂട്-കോട്ടപ്പുറം-ചേമ്പുംമൂല റോഡിന്റെ ദുരവസ്ഥ നാടിന്റെ നൊമ്പരമാകുന്നു. ടാർ ഇളകി മാറി റോഡിൽ പലയിടത്തും വൻ കുഴികൾ രൂപപ്പെട്ടിട്ടും അധികൃതർ ഈ റോഡിനെ അവഗണിക്കുന്നതാണ് നാട്ടുകാരുടെ ആശങ്ക വർദ്ധിപ്പിക്കുന്നത്. റോഡിന്റെ അവസ്ഥയ്ക്ക് പരിഹാരം കാണാനായി നാട്ടുകാർ പലപ്രാവശ്യം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും അധികൃതരുടെ വാതിലുകളിൽ മുട്ടുകയും ചെയ്തു. പക്ഷെ, പരിഹാരം മാത്രം ഉണ്ടായില്ല. ഏകദേശം 8 വർഷങ്ങൾക്ക് മുമ്പാണ് ഇവിടെ ടാറിംഗ് നടന്നത്. തുടർന്ന് വലിയ അറ്റകുറ്റപ്പണികളൊന്നും നടന്നില്ല. തീരദേശത്തെയും ഹൈവേയും തമ്മിൽ ബന്ധിക്കുന്ന ചിറയിൻകീഴിലെ പ്രധാനപ്പെട്ട റോഡുകളിലൊന്നാണിത്. കെ.എസ്.ആർ.ടി.സി അടക്കം സർവീസ് ഉണ്ടായിരുന്ന റോഡിലൂടെ ചിറയിൻകീഴ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് എളുപ്പം ദേശീയപാതയിൽ എത്താനും കഴിയും. ഏകദേശം 9 കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിൽ മഞ്ചാടിമൂട് മുതൽ കോളിച്ചിറ വരെയുള്ള റോഡിന്റെ അവസ്ഥയാണ് ഏറെ ദയനീയം. ഇവിടെ ഓട്ടം വിളിച്ചാൽ ഓട്ടോ അടക്കമുള്ള വാഹനങ്ങൾ വരാത്ത അവസ്ഥയാണ്. അത്യാസന്ന നിലയിലുള്ള രോഗികളെ അടിയന്തര ഘട്ടത്തിൽ തലച്ചുമടായി എടുത്തുവേണം വാഹനങ്ങളിൽ എത്തിക്കാൻ. പകൽവീട്, വിജ്ഞാൻവാടി, കോളിച്ചിറ ചരുവിള ദുർ‌ഗാദേവി ക്ഷേത്രം അടക്കമുള്ള സ്ഥലങ്ങളിൽ പോകേണ്ടവരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത് . ഇവിടത്തെ കുഴികളിൽ വീണ് പരിക്കേൽക്കുന്ന ബൈക്ക് യാത്രക്കാരുടെ എണ്ണവും അനുദിനം വർദ്ധിക്കുകയാണ്. അതേസമയം റോഡ് മൂന്ന് പ്രാവശ്യം ടെൻഡർ ചെയ്തെങ്കിലും ടെൻഡർ എടുക്കാൻ ആളില്ലെന്നാണ് അധികൃതരുടെ വാദം. അടങ്കൽ തുകയായ 50 ലക്ഷം രൂപയ്ക്ക് വർക്ക് എടുത്താൽ നഷ്ടം വരുമെന്ന ഭയത്താലാണ് ടെൻഡർ കൊള്ളാൻ ആളെ കിട്ടാത്തത് എന്നൊരു അഭിപ്രായവുമുണ്ട്. ചിറയിൻകീഴ് - അഴൂർ പഞ്ചായത്ത് പ്രദേശങ്ങളിൽക്കൂടിയാണ് റോഡ് കടന്നുപോകുന്നത്. റോഡ് നിർമ്മണം ഇനിയും നീണ്ടാൽ മറ്റ് സമര മാർഗങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നാണ് നാട്ടുകാർ പറയുന്നത്.