
തിരുവനന്തപുരം: കർഷക ക്ഷേമനിധിയിലംഗമാകുന്നവർക്ക് 60 വയസിനു ശേഷം 10,000 രൂപ വരെ പ്രതിമാസ പെൻഷൻ നൽകാൻ ആലോചന. അപേക്ഷ സമർപ്പിച്ച് അഞ്ചുവർഷത്തിന് ശേഷമാകും പെൻഷൻ നൽകുക. ഇതിനുള്ള തുക കണ്ടത്തുന്നതിനുള്ള രൂപരേഖ പരിഗണനയിലാണ്.
5 വർഷമെങ്കിലും ക്ഷേമനിധിയിൽ അംഗമായാൽ 60 വയസാകുമ്പോൾ അടച്ച അംശദായത്തിന്റെ തോതനുസരിച്ച് പെൻഷൻ നൽകും. കുറഞ്ഞ അംശദായമായി 100 രൂപയാണ് അടയ്ക്കേണ്ടത്. ഇതിൽക്കൂടുതൽ എത്ര വേണമെങ്കിലും അടയ്ക്കാം. 250 രൂപ വരെയുള്ള വിഹിതത്തിന് തുല്യ തുക സർക്കാരും ക്ഷേമനിധിയിലടയ്ക്കും. പെൻഷൻ ഒഴികെയുള്ള മറ്റാനുകൂല്യങ്ങളും അംഗമായതിന്റെ അടുത്ത മാസം മുതൽ ലഭിക്കും.
കർഷക ക്ഷേമ നിധിയുടെ റൂൾ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോർജ് അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള സമിതി റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. ഇത് കാബിനറ്റ് അംഗീകരിക്കുന്നതോടെ ഉത്തരവ് പുറത്തിറങ്ങും. തുടർന്ന് ബോർഡിന്റെ ആദ്യ യോഗം കൂടാൻ കഴിയും. സ്‌കീം തയ്യാറാക്കുന്നതിനും ഇതേസമിതിയെ തന്നെ ചുമതലപ്പെടുത്തി. തൃശൂർ ആസ്ഥാനമായാണ് ബോർഡ് ഓഫീസ് പ്രവർത്തിക്കുന്നത്.
ഓൺലൈൻ അപേക്ഷ
ക്ഷേമനിധി ബോർഡിലേക്ക് അപേക്ഷ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. ഇതിനായുള്ള സോഫ്റ്റ് വെയർ എൻ.ഐ.സി തയ്യാറാക്കും. അപേക്ഷ ഫീസായ നൂറു രൂപ ഓൺലൈനായി ഒടുക്കണം.
പണം കണ്ടെത്തുന്നതിങ്ങനെ
അപേക്ഷകൻ നൽകുന്ന 100 രൂപ ഫീസ്
സർക്കാരിന്റെ പ്ലാൻ ഫണ്ട് വിഹിതം
കാർഷിക ഉത്‌പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളായി വിൽക്കുന്ന കമ്പനികൾ നൽകുന്ന ലാഭത്തിന്റെ ഒരു ശതമാനം
കൃഷിഭവനിൽ അപേക്ഷ നൽകുമ്പോൾ ഈടാക്കുന്ന സ്റ്റാമ്പിന്റെ വില
കേന്ദ്ര സർക്കാരിന്റെ സഹായം
നീർതടങ്ങൾ രൂപം മാറ്റുമ്പോൾ ഒടുക്കേണ്ട ഫീസിന്റെ വിഹിതം
ലഭിക്കുന്ന ആനുകൂല്യങ്ങൾ
ക്ഷേമനിധി പെൻഷൻ
കുടുംബപെൻഷൻ (5 വർഷം അംശദായം അടച്ചശേഷം അംഗം മരണമടഞ്ഞാൽ കുടുംബപെൻഷൻ)
അനാരോഗ്യ ആനുകൂല്യം
ചികിത്സാ സഹായം
പ്രസവാനുകൂല്യം
വിവാഹ ധനസഹായം
വിദ്യാഭ്യാസ ധനസഹായം
മരണാനന്തരാനുകൂല്യം