
തിരുവനന്തപുരം: കേരളത്തെ കൊലക്കളമാക്കാനാണ് കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ശ്രമമെന്നും, സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ചർച്ചയാകാതിരിക്കാൻ വലതുപക്ഷവും കോർപറേറ്റ് മാദ്ധ്യമങ്ങളും ആസൂത്രിതമായി ശ്രമിക്കുന്നുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ
ആരോപിച്ചു.
സർക്കാരിന് അവമതിപ്പുണ്ടാക്കാനുള്ള വലതുപക്ഷ മാദ്ധ്യമങ്ങളുടെ ശ്രമം പാർട്ടി തുറന്നു കാട്ടും. കേന്ദ്രസർക്കാർ കർഷക വിരുദ്ധബിൽ കൊണ്ടുവന്നതും, തൊഴിലാളി വിരുദ്ധ നിയമഭേദഗതികൾ ചർച്ചകൂടാതെ പാർലമെന്റിൽ പാസാക്കിയതും ഇവിടെ മാദ്ധ്യമങ്ങൾ ചർച്ചയാക്കിയില്ല. ഓണക്കാലത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുദിന വികസനപദ്ധതികളിൽ 40 എണ്ണം പൂർത്തിയായി.ഒരു മാദ്ധ്യമവും വാർത്ത നൽകിയില്ല. ഒരു ചാനലും ചർച്ച ചെയ്തില്ല. അതേ സമയം സർക്കാരുമായി ബന്ധമില്ലാത്ത വിവാദങ്ങൾ ചർച്ചയ്ക്കെടുത്ത് സർക്കാരിന് അവമതിപ്പുണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നത്.ജനാധിപത്യവിരുദ്ധമായ ഇൗ സമീപനം മാദ്ധ്യമങ്ങൾ പുന:പരിശോധിക്കണം . മാദ്ധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ സർക്കാരിന് താത്പര്യമില്ല.. മാദ്ധ്യമങ്ങളുമായി സംവാദത്തിനും പാർട്ടി തയ്യാറാണ്.
സനൂപിനെ കൊന്നത് ബി.ജെ.പിക്കാർ
സി.പി.എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ കൊലപ്പെടുത്തിയത് ബി.ജെ.പിക്കാരാണ്. തിരുവനന്തപുരത്ത് രണ്ടു പേരെയും കായംകുളത്ത് ഒരാളെയും കൊലപ്പെടുത്തിയതിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരും. കേരളത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഗൗരവമായി പരിശോധിക്കണം. പ്രകോപനത്തിൽപ്പെട്ടുപോകരുതെന്ന് അണികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
രാജ്യത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ രൂപീകൃതമായതിന്റെ നൂറാം വാർഷികം ഒക്ടോബർ 20ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിക്കാൻ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ബ്രാഞ്ച് തലത്തിൽ അഞ്ച് പേർ ചേർന്ന് രക്തപതാക ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യും. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വെബിനാറും, ജില്ലാ കമ്മിറ്റികൾ വെബിനാറും പ്രഭാഷണങ്ങളും സംഘടിപ്പിക്കും.
അധോലോക പരാമർശം അപഹാസ്യം
തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടിൽ അധോലോക മാതൃകയിലെ പണമിടപാട് നടന്നുവെന്ന സി.ബി. ഐ.യുടെ പരാമർശത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരിഹസിച്ചു..
ബാബറി മസ്ജിദ് തകർക്കുന്നത് ലോകം മുഴുവൻ ദൃശ്യമാദ്ധ്യമങ്ങളിലൂടെ കണ്ടതാണ് . അതിൽ ഒരാളെപ്പോലും തിരിച്ചറിയാനോ, അന്വേഷിച്ച് കണ്ടെത്താനോ കഴിയാത്ത ഏജൻസിയാണ് സി.ബി.ഐ. അവരാണ് ലൈഫ് ഇടപാടിൽ അധോലോക മട്ടിലുള്ള ഇടപാടുണ്ടെന്ന് ആരോപിക്കുന്നത്. ഇതവർ കോടതിയിൽ പറഞ്ഞതാണ്. ശരിയാണോയെന്ന് കോടതി തന്നെ വിലയിരുത്തട്ടെ. ഇത്തരം നടപടികൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും.
കേന്ദ്രമന്ത്രി വി.മുരളീധരനെതിരായ ആരോപണം, അറിഞ്ഞിടത്തോളം അത് പ്രോട്ടോക്കോൾ ലംഘനം മാത്രമല്ല, സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ്. വിശദമായ അന്വേഷണം നടത്തണം. നിരപരാധിത്വം അദ്ദേഹം തന്നെയാണ് തെളിയിക്കേണ്ടത്.
പി.ടി.തോമസ് എം.എൽ.എയ്ക്കെതിരായ ആരോപണം ഒരു എം.എൽ.എയ്ക്കെതിരെ ഉണ്ടാകാൻ പാടില്ലാത്ത തരത്തിലുള്ളതാണ്. കളങ്കിതനായതിനാലാണ് തൃക്കാക്കര മണ്ഡലത്തിൽ ബെന്നി ബഹനാനെ മാറ്റി തോമസിനെ മത്സരിപ്പിച്ചതെന്നാണ് കോൺഗ്രസുകാർ തന്നെ പറയുന്നത്. ഇപ്പോൾ തോമസും അതേ ഗണത്തിലാണെന്നാണ് വരുന്നത്.ജോസ് കെ.മാണിയെ മുന്നണിയിലെടുക്കുന്ന കാര്യത്തിൽ യുക്തമായ സമയത്ത് യുക്തമായ തീരുമാനമെടുക്കും. . ജോസ് വിഭാഗം വിട്ടത് യു.ഡി.എഫിന് ക്ഷീണമാണ്. ജോസ് കെ. മാണി രാഷ്ട്രീയ നിലപാട് പരസ്യമായി പ്രഖ്യാപിച്ചതിന് ശേഷം മുന്നണിയും സി.പി.എമ്മും നിലപാടെടുക്കും.
വി.സി നിയമനം കഴിവ് നോക്കി
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിലെ നിയമനങ്ങൾ കഴിവ് നോക്കിയാണ് നടത്തുന്നത്. സംസ്ഥാനത്തെ ഒാപ്പൺ സർവകലാശാലയ്ക്ക് ഗുരുവിന്റെ പേര് നൽകിയത് സർക്കാർ നൽകുന്ന ആദരമാണ്. അത് സമുദായങ്ങളുമായി കൂട്ടിച്ചേർക്കേണ്ടതില്ലെന്നും സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിനെതിരായ വിമർശനങ്ങളെ പരാമർശിച്ച് കോടിയേരി പറഞ്ഞു