aaa

വെള്ളറട: വന്യജീവികളുടെ ശല്യത്തിൽ നിന്നും രക്ഷയില്ലാതെ മലയോര നിവാസികൾ. മലയോര പഞ്ചായത്തുകളായ അമ്പൂരി, വെള്ളറട, ആര്യങ്കോട്, ഒറ്റശേഖരമംഗലം പഞ്ചായത്തുകളിൽ കാട്ടിൽ നിന്നും എത്തുന്ന വന്യജീവികൾ ജനങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കൃഷി ചെയ്ത് ആദായം എടുക്കാനും മനസമാധാനത്തോടെ നടക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. കാട്ടിൽനിന്നും കൂട്ടമായി എത്തുന്ന കാട്ടുപന്നിയും വാനരപ്പടയും ഒരു കൃഷിയും ചെയ്യാൻ അനുവദിക്കുന്നില്ല. ഒരു കാലത്ത് നാളികേരം സുലഭമായി ലഭിച്ചിരുന്ന ഗ്രാമങ്ങളിൽ ഇന്ന് അന്യസംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന നാളികേരത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ്. തെങ്ങ് ഏറെയുണ്ടെങ്കിലും കൊച്ചങ്ങപരുവത്തിൽതന്നെ വാനരന്മാർ മുഴുവനും നശിപ്പിക്കുകയാണ്. കാട്ടുപന്നിയാകട്ടെ വാഴത്തോട്ടങ്ങളിൽ വാഴകളും മരിച്ചീനിയും കൃഷിയും മറ്റുനാണ്യവിളകളും കുത്തിമറിച്ച് നശിപ്പിക്കുന്നതും പതിവാണ്. ഇതിനു പുറമെ നാട്ടുകാർക്കുനേരെയും വാനരപ്പടയുടെയും കാട്ടുപന്നിയുടെയും ആക്രമണം പതിവായിരിക്കുകയാണ്. കാടിനോട് ചേർന്നുകിടക്കുന്ന അമ്പൂരി പഞ്ചായത്തിലെ സെറ്റിൽമെന്റുകളിലെ കർഷകരുടെ അവസ്ഥ പറയേണ്ടതില്ല. രാത്രി കാലങ്ങളിൽ എത്തുന്ന കാട്ടാനകൾ വിളകൾ പൂർണ്ണമായും നശിപ്പിക്കുക പതിവാണ്.