
ആലുവ: ദേശീയപാതയിൽ അമ്പാട്ടുകാവിന് സമീപം പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് കുത്തിത്തുറന്ന് 3.40 ലക്ഷം രൂപ കവർന്നു. ഇന്നലെ പുലർച്ചെ 3.30ഓടെയാണ് സംഭവം. മോഷ്ടാക്കളുടെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
രാത്രി 11വരെ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലെ വൈകിട്ട് അഞ്ച് വരെയുള്ള കളക്ഷൻ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. പിന്നീട് ലഭിച്ച കളക്ഷൻ തുക ഓഫീസ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഓഫീസിന്റെ വാതിലും അലമാരയും കുത്തിത്തുറന്നായിരുന്നു കവർച്ച. പമ്പിലെ ജീവനക്കാർ ഓഫീസ് കെട്ടിടത്തിന്റെ മുകളിലെ മുറിയിലാണ് ഉറങ്ങിയിരുന്നത്. രാവിലെ ജീവനക്കാർ ഉറക്കമുണർന്നപ്പോഴാണ് മോഷണവിവരമറിഞ്ഞത്. മാസ്ക് ധരിച്ച് ടീ ഷർട്ടും പാന്റ്സും ധരിച്ച് വന്ന രണ്ട് യുവാക്കളാണ് മോഷണത്തിന് പിന്നിലെന്ന് സി.സി ടിവിയിൽ നിന്ന് വ്യക്തമാണ്. വിരലടയാള വിദഗ്ദ്ധരും ആലുവ എസ്.എച്ച്.ഒ എൻ. സുരേഷ്‌കുമാറും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.