
പാലോട്: ഈ വർഷത്തെ യു.ആർ.എഫ് യൂത്ത് ഐക്കൺ അവാർഡ് അഗളി ആനക്കെട്ടി ഇരുള കോളനിയിലെ ആദിവാസി പെൺകുട്ടിയും നന്ദിയോട് ജവഹർ നവോദയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ അനാമികയ്ക്ക്. അനാമികയുടെ ഊരിലെ കുട്ടികൾക്കായി മികച്ച രീതിയിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിച്ചതിനും മറ്റു പ്രവർത്തനങ്ങളിൽ കുട്ടികളെ ഒന്നാമതെത്തിക്കാൻ കാണിച്ച കഴിവ് പരിഗണിച്ചുമാണ് പുരസ്കാരം. യു.ആർ.എഫ് ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള, മാദ്ധ്യമ പ്രവർത്തകൻ പ്രസാദ്, സാമൂഹ്യ പ്രവർത്തക സുമ എന്നിവരടങ്ങിയ സമിതിയാണ് കേരളത്തിൽ നിന്നും അനാമികയ പരിഗണിച്ചത്. യു.ആർ.എഫ് സി.ഇ.ഒ സൗദീപ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് പ്രഖ്യാപിച്ചത്. ആദിവാസി മേഖലയായ അട്ടപ്പാടിയിൽ വൈദ്യുതിയും ഫോൺ റേഞ്ചും ലഭ്യമല്ലാത്തതിനാൽ ഇവിടെയുള്ള കുട്ടികളുടെ പഠനം വഴിമുട്ടിയിരുന്നു. ഇതിനു പരിഹാരമായി അനാമിക വീടിനോട് ചേർന്ന ഓല ഷെഡിൽ പഠനകേന്ദ്രം തുടങ്ങി. പഠിക്കാനെത്തുന്ന കുട്ടികൾ ശുചിയായി കൃത്യമായും ക്ലാസിലെത്തണം. മലയാളം, ഇംഗ്ലീഷ്, തമിഴ്, ജർമ്മൻ ഭാഷകളാണ് പഠിപ്പിക്കുന്നത്. കഥ, കവിത, വ്യായാമം, എല്ലാം ചേർന്നാണ് ക്ലാസുകൾ. 13 കുട്ടികളാണ് ഇവിടെ ഇപ്പോൾ പഠിക്കുന്നത്.പഠന കേന്ദ്രത്തെ കുറിച്ചുള്ള വാർത്തകളെ തുടർന്ന് അഗളി ബി.ആർ.സി. കോ - ഓർഡിനേറ്റർ വി.പി.വിജയന്റെ നേതൃത്വത്തിലുള്ള സംഘം ഊരിലെത്തി പേപ്പർ ബാഗ് പോലുള്ളവ നിർമ്മിക്കാൻ പരിശീലനം നൽകി. വൈദ്യുതി വകുപ്പിലെ എക്സി.എൻജിനീയറായ ബിനോയിയുടെ ശ്രമഫലമായി വൈദ്യുതിയും ലഭ്യമാക്കി. റോട്ടറി ക്ലബ് ടി.വി യും നൽകി. അനാമിക പഠിക്കുന്ന നന്ദിയോട് ജവഹർ നവോദയ വിദ്യാലയത്തിലെ അധികൃതർ സ്മാർട്ട് ഫോണും നൽകി അനാമിക്കയ്ക് പിന്തുണയുമായെത്തി. ആനക്കെട്ടി ഇരുള കോളനിയിലെ സുധീർ, സജി ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തയാളാണ് അനാമിക, മൗലികയാണ് അനുജത്തി.