v

വെഞ്ഞാറമൂട്: നെല്ലനാട് ഗവ. യു.പി സ്കൂളിന് ഹെെടെക് ആയില്ലെങ്കിലും 1300 ഓളം കുട്ടികൾക്ക് പഠിക്കുന്നതിന് വേണ്ട സൗകര്യങ്ങൾ വേണമെന്നാണ് മോഹം. ഈ മോഹങ്ങളെയെല്ലാം അതിമോഹമാക്കി അധികാരികൾ വികസനം നടപ്പിലാക്കുന്നില്ല.

ആരംഭഘട്ടത്തിൽ ഒന്നുമുതൽ നാലാം ക്ലാസ് വരെയാണ് ഉണ്ടായിരുന്നത്. കുട്ടികൾക്കെല്ലാം കൂടി 16 ക്ലാസ് മുറികളാണ് ഉണ്ടായിരുന്നത്. സ്കൂളിൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ 2012-13 അദ്ധ്യായന വർഷത്തിൽ വെഞ്ഞാറമൂട് ഹെെസ്കൂളിൽ നിന്നും 5,6,7 ക്ലാസുകൾ ഇവിടേക്ക് മാറ്റി. 2015-16 അദ്ധ്യായന വർഷത്തിൽ നെല്ലനാട് എൽ.പി സ്കൂൾ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യ്തു. ക്ലാസുകൾ ഇവിടെ തുടരുമ്പോഴും സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവായതിനാൽ അഡ്മിനിസ്ട്രേഷൻ വിഭാഗം വെഞ്ഞാറമൂട് സ്കൂളിൽ തന്നെയായിരുന്നു.

ആകെ 50 സെന്റ് വസ്തുവിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്ഥലപരിമിധിമൂലം കുട്ടികളുടെ മാനസിക ഉല്ലാസത്തിനുള്ള യാതൊരുവിധ സൗകര്യങ്ങളും ഇവിടെ ഇല്ല. സ്കൂൾ അസംബ്ലി നടത്താനും കായിക ഇനങ്ങൾ പഠിപ്പിക്കാനും ഗ്രൗണ്ട് ഇല്ലാത്തത് പ്രധാന പോരായ്മയായി അദ്ധ്യാപകരും രക്ഷാകർത്താക്കളും ചൂണ്ടി കാണിക്കുന്നു. നെല്ലനാട് യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള കായിക മത്സരങ്ങൾ നടത്തുന്നത് രണ്ട് കിലോമീറ്റർ അകലെയുള്ള പിരപ്പൻകോട് ഹെെസ്കൂളിലാണ്.

സ്കൂളിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി അദ്ധ്യാപകരും രക്ഷാകർത്താക്കളും നിരന്തരമായി നിവേദനങ്ങൾ നൽകിയതിന്റെ ഫലമായി സംസ്ഥാന ഗവൺമെന്റ് പ്ലാൻ ഫണ്ടിൽ നിന്നും 3 കോടി 10 ലക്ഷം രൂപ സ്കൂൾ വികസനത്തിനായി അനുവദിച്ചിരുന്നു. നാല് നിലകളിലായി 20 ക്ലാസ് മുറികളും ടൊയ്‌ലെറ്റും കളിക്കളവും ഉൾപ്പെടുന്ന ഈ പദ്ധതി നടപ്പിലാക്കിയിട്ടില്ല.

2017-18ൽ കിഫ്ബി വഴി 3 കോടി രൂപ അനുവദിച്ചിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 1000ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകൾ നവീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ പദ്ധതി. തുടർന്ന് കിഫ്ബി പ്രതിനിധികൾ സ്കൂളിലെത്തുകയും നിർമ്മാണ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്തു. പക്ഷേ തുടർപ്രവർത്തനങ്ങൾ ഒന്നും നടന്നില്ല.