
കുറ്റ്യാടി: കാവിലുംപാറയിലെ ഇരുന്നൂറോളം വീടുകളിലും സ്ഥാപനങ്ങളിലും പോസ്റ്റൽ സേവനങ്ങളുമായി എത്തിയിരുന്ന ഗ്രാമീണ ഡാക്ക് സേവക് തൊട്ടിൽ പാലത്തെ കക്കണ്ടിയിൽ ശ്രീധരൻ വിരമിക്കുന്നു. നാൽപത്തിമൂന്ന് വർഷത്തെ സേവനത്തിന് ഒടുവിലാണ് കാവിലുംപാറ സബ് പോസ്റ്റാഫീസിൽ നിന്നും നവംബർ 13ന് വിരമിക്കുക. വട്ടോളി നാഷണൽ ഹൈസ്‌കൂളിൽ നിന്നും എസ്.എസ്.എൽ.സി വിദ്യാഭ്യാസം നേടിയ ഇദ്ദേഹം 1975ൽ പ്രവർത്തനം ആരംഭിച്ച തൊട്ടിൽപാലത്തെ കാവിലുംപാറ സബ് പോസ്റ്റ് ഓഫിസിലെ ആദ്യ ജീവനക്കാരൻ കൂടിയാണ്. ഇദ്ദേഹത്തിന്റെ കാലയളവിൽ പന്ത്രണ്ടോളം സബ് പോസ്റ്റൽ മാസ്റ്റർ ഉൾപ്പെടെ പതിനഞ്ച് ജീവനക്കാർ സർവീസിൽ നിന്നും വിരമിച്ചിട്ടുണ്ട്.
ജീവിതകാലത്ത് ഏറെ സുഹൃദ് ബന്ധങ്ങൾ കോർത്തിണക്കാൻ സാധിച്ചെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ജോലിക്കനുസരിച്ച് വേതനം ലഭിക്കുന്നില്ലെന്നും ബ്രീട്ടീഷ് ഭരണകാലത്തെ കടുത്ത പോസ്റ്റൽ നിയമം തന്നെയാണ് ഇന്നും തുടരുന്നതെന്ന പരിഭവവും ഉണ്ട്. ഒരു കാലത്ത് ജനങ്ങളുടെ ജീവനാഡിയായിരുന്ന പോസ്റ്റൽ സർവീസ് ഇന്ന് അപ്രസക്തമാകുകയാണ്.
ഇന്നലെ പോസ്റ്റൽ ദിനത്തിൽ കുറ്റ്യാടി മോകേരിയിൽ സാമൂഹ്യ പ്രവർത്തകൻ പി.കെ ഷമീറിന്റെ നേതൃത്വത്തിൽ ശ്രീധരനെ ആദരിച്ചു. കാവിലുംപാറ സബ് പോസ്റ്റ് മാസ്റ്റർ കെ.പി. ശ്രീനിൽ, പോസ്റ്റൽ അസിസ്റ്റന്റ് സ്മിത മഠത്തിൽ, എം.ടി.എസ്. വിജി മഠത്തിൽ, സുനിൽകുമാർ എന്നിവർ പങ്കെടുത്തു.