
എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. ഒരു ദിവസം 100 മുടിവരെ കൊഴിയുന്നത് സാധാരണമാണ്. എന്നാൽ, കൂടുതലായാൽ കളികാര്യമാകും. സാധാരണയിൽ കൂടുതൽ മുടി നിലത്തോ കിടക്കയിലോ കുളിമുറിയിലോ തോർത്തിലോ ചീപ്പിലോ കണ്ടാൽ ശ്രദ്ധിക്കണം.
സ്ത്രീകൾക്ക് നീളമുള്ള മുടിയായതിനാൽ കൊഴിച്ചിൽ പെട്ടെന്ന് ശ്രദ്ധയിൽപ്പെടും. എന്നാൽ, പുരുഷന്മാരുടെ കാര്യം അങ്ങനെയല്ല. മുടിയുടെ ഉള്ള് കുറയുകയും നെറ്റി കയറുകയും ചെയ്യുമ്പോഴാകും മുടി കൊഴിച്ചിൽ ശ്രദ്ധയിൽപ്പെടുന്നത്.
എല്ലാ മുടികൊഴിച്ചിലും കഷണ്ടിയിലേക്ക് നയിക്കുന്നവയല്ലെന്നതാണ് മറ്റൊരു കാര്യം.
മുടി കൊഴിച്ചിൽ സാധാരണയായി രണ്ടുതരമുണ്ട്; തലയുടെ ചില ഭാഗത്തെ മുടി മാത്രം കൊഴിയുന്നതും എല്ലാ ഭാഗത്ത് നിന്നും ഒരു പോലെ മുടി കൊഴിയുന്നതും. ഇതിൽ തലയുടെ ചില ഭാഗത്തെ മുടി കൊഴിയുന്നത് സാധാരണമാണ്. ഇത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നത്. പാരമ്പര്യം ഇതിനൊരു പ്രധാന കാരണമാണ്. അതായത് അച്ഛന്റെയോ അമ്മയുടെയോ കുടുംബത്തിൽ ആർക്കെങ്കിലും കഷണ്ടിയുണ്ടെങ്കിൽ നമുക്ക് അതുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത്തരം മുടികൊഴിച്ചിൽ തടയാൻ പുറമെ പുരട്ടുന്ന മരുന്നുകൾ മുതൽ നിരവധി തെറാപ്പികളും ഹെയർ ട്രാൻസ് പ്ളാന്റേഷൻ വരെയുള്ള ചികിത്സാരീതികൾ നിലവിലുണ്ട്.
എല്ലാ ഭാഗത്ത് നിന്നും ഒരു പോലെയുള്ള കൊഴിയൽ സാധാരണയാണ്.
വളർച്ചയുടെ ഒരു ഘട്ടത്തിൽ വളരെയധികം മുടി പെട്ടെന്ന് എല്ലാ ഭാഗത്തുനിന്നും ഒരുപോലെ കൊഴിഞ്ഞ് പോകുന്ന രീതിയാണിത്. മൂന്നു മുതൽ നാലു മാസം മുമ്പുണ്ടായ കാരണങ്ങൾ വരെ ഈ പെട്ടെന്നുള്ള മുടികൊഴിച്ചിലിന് ഇടയാക്കാറുണ്ട്. അതായത് മാസങ്ങൾക്ക് മുമ്പ് വന്ന ഒരു പനി മതി, പിന്നീട് ശക്തമായ മുടി കൊഴിച്ചിലിൽ ഉണ്ടാകാൻ.
സാധാരണ വൈറൽ പനി മുതൽ, ഡെങ്കി, ചിക്കൻ പോക്സ്, തൈറോയിഡ് പനി വരെ ഇത്തരം മുടികൊഴിച്ചിലിന് കാരണമായേക്കാം. മാസങ്ങൾക്ക് മുമ്പുണ്ടായ
ഒരു അത്യാഹിതം അല്ലെങ്കിൽ അപകടം, വലിയ ശസ്ത്രക്രിയ, പ്രസവം എന്നിവ കാരണവും പിന്നീട് മുടികൊഴിച്ചിലുണ്ടാകാം.
ഇത്തരം മുടികൊഴിച്ചിലിന്റെ മറ്റൊരു കാരണം മാനസികമോ ശാരീരികമോ ആയ
സമ്മർദ്ദമാണ്. ജീവിതചര്യകളിലെ മാറ്റം, ആഹാര രീതിയിലെ വ്യതിയാനം, അനാരോഗ്യകരമായ ഭക്ഷണചര്യ, മാനസിക പിരിമുറുക്കം, ഉറ്റവരുടെ മരണം തുടങ്ങിയ സമ്മർദ്ദങ്ങൾ മുടികൊഴിയുന്നതിന് കാരണമായേക്കാം. അസുഖങ്ങൾ കൊണ്ടും അവയുടെ ശമനത്തിനായി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലം കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാം.
ഹോർമോൺ വ്യതിയാനവും പ്രധാനമായും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസവും മുടികൊഴിച്ചിലിന് ആക്കം കൂട്ടുന്നു. ഹോർമോൺ അടങ്ങിയ ഗർഭ നിരോധന ഗുളികകൾ കഴിക്കുന്നത് പെട്ടെന്ന് നിർത്തുമ്പോഴും മുടികൊഴിച്ചിലിന് സാദ്ധ്യതയുണ്ട്.
കൊഴിച്ചിൽ തടയാം
തൈറോയ്ഡും മറ്റ് ഹോർമോൺ വ്യതിയാനങ്ങളും പരിശോധയിലൂടെ കണ്ടെത്തുകയും ആവശ്യമായ ചികിത്സ തേടുകയും ചെയ്യണം.
അയൺ, സിങ്ക്, ബയോട്ടിൻ, കാത്സ്യം എന്നിവയുടെ കുറവ് അവ അടങ്ങിയ ആഹാരത്തിൽ ഉൾപ്പെടുത്തി പരിഹരിക്കേണ്ടതാണ്. നോൺ വെജ് ഭക്ഷണശീലം പിന്തുടരുന്നവർക്ക് മുട്ട, മീൻ, ഇറച്ചി തുടങ്ങിയവയിൽ നിന്ന് ഇവ വളരെ എളുപ്പത്തിൽ ലഭിക്കും. എന്നാൽ വെജിറ്റേറിയൻ ഭക്ഷണരീതിയുള്ളവർക്ക് നട്സ്, സീഡ്സ്, ഗ്രീൻ പീസ്, ധാന്യങ്ങൾ, പരിപ്പ് വർഗ്ഗങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി പോഷകക്കുറവ് പരിഹരിക്കാവുന്നതാണ്.
ആഹാരത്തിലെ പോഷകക്കുറവാണ് മുടി കൊഴിച്ചിലിന്റെ മറ്റൊരു പ്രധാന കാരണം. ഡയറ്റിംഗിലാണെങ്കിൽ പോലും ദിവസവും 1200 കിലോ കാലറി ഊർജ്ജം ലഭിക്കുന്ന പ്രാപ്തമായ ആഹാരം കഴിക്കാൻ ശ്രദ്ധിക്കണം. അതിൽ 0.8ഗ്രാം/ കിലോ നമുക്ക് ആവശ്യമായി വരുന്ന പ്രോട്ടീനാണ്.
സമ്മർദ്ദവും പിരിമുറുക്കവും കാരണം ധാരാളമായി മുടി കൊഴിച്ചിൽ ഉണ്ടാകാറുണ്ട്. കൃത്യമായ ജീവിതരീതി പാലിക്കുന്നത് മാനസിക, ശാരീരിക സമ്മർദ്ദങ്ങൾ കുറയ്ക്കാൻ ഉപകരിക്കും. മാനസിക പിരിമുറുക്കം ജീവിതത്തെ ബാധിക്കാൻ തുടങ്ങുമ്പോൾ യോഗ, ബ്രീത്തിംഗ് എക്സർസൈസ്, ഏയ്റോബിക് തുടങ്ങിയവ ശീലിക്കാവുന്നതാണ്.
രോഗാവസ്ഥ കൊണ്ടുള്ള മുടി കൊഴിച്ചിൽ അല്ലെന്ന് ഒരു ഡോക്ടറുടെ സഹായത്തോടെ ഉറപ്പുവരുത്തണം.
ഡോ. വി.ആർ. ശാലിനി എം.ഡി,
ഡി.ഡി.വി.എൽ
ഡെർമറ്റോളജിസ്റ്റ്
എസ്.യു.ടി ആശുപത്രി, പട്ടം