
തിരുവനന്തപുരം: ഈ വർഷത്തെ വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരത്തിന് ഏഴാച്ചേരി രാമചന്ദ്രന്റെ 41 കവിതകളടങ്ങിയ "ഒരു വെർജീനിയൻ വെയിൽക്കാലം "എന്ന സമാഹാരം അർഹമായി. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവുമാണ് അവാർഡ്. 27ന് വൈകിട്ട് 5.30ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് സമ്മാനിക്കും.
സാഹിത്യ അക്കാഡമി സെക്രട്ടറി കെ.പി. മോഹനൻ, പ്രൊഫ. അമ്പലപ്പുഴ ഗോപകുമാർ, ഡോ. എൻ. മുകുന്ദൻ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്രി ഏകകണ്ഠമായാണ് ഏഴാച്ചേരിയെ തിരഞ്ഞടുത്തത്. പെരുമ്പടവം ശ്രീധരൻ അദ്ധ്യക്ഷനായ വയലാർ രാമവർമ്മ ട്രസ്റ്രാണ് ജേതാവിനെ പ്രഖ്യാപിച്ചത്. പ്രഭാവർമ്മ, ട്രസ്റ്ര് സെക്രട്ടറി സി.വി. ത്രിവിക്രമൻ എന്നിവരും പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.
ദേശാഭിമാനി റസിഡന്റ് എഡിറ്ററായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്, തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് അംഗം, സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. സാഹിത്യ അക്കാഡമി അവാർഡ് അടക്കം നേടിയിട്ടുണ്ട് കോട്ടയം മീനച്ചിൽ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തിൽ പിറന്ന ഈ കവി.